മനുഷ്യരാശിക്ക് മഹാവ്യാധികളെ തടയാന്‍ തവളയെ പോലുള്ള ഉഭയ ജീവികളുടെ സംരക്ഷണം അനിവാര്യം - പ്രൊഫ. എസ് ഡി ബിജു
മനുഷ്യരാശിക്ക് മഹാവ്യാധികളെ തടയാന്‍ തവളയെ പോലുള്ള ഉഭയ ജീവികളുടെ സംരക്ഷണം അനിവാര്യമെന്ന് പ്രശസ്ത ഉഭയജീവി ശാസ്ത്രജ്ഞന്‍ ഫ്രോഗ് മാന്‍ ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന പ്രൊഫ. സത്യഭാമ ദാസ് ബിജു. പരിസ്ഥിതി പ്രവര്‍ത്തകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ഇ. സോമനാഥിന്റെ സ്മരണാര്‍ത്ഥം കേരള മീഡിയ അക്കാദമിയും ഇ. സോമനാഥ് ഫ്രറ്റേണിറ്റിയും ചേര്‍ന്ന് രൂപീകരിച്ച ഇ. സോമനാഥ് ചെയറിന്റെ പ്രഥമ പ്രഭാഷണം മീഡിയ അക്കാദമിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുന്നത് കൊണ്ട് ഇപ്പോള്‍ തന്നെ മനുഷ്യന്‍ നിപ പോലുള്ള പല മഹാവ്യാധികളും നേരിടുന്നുണ്ട്. ലോകത്തെ ഉഭയജീവി വര്‍ഗങ്ങള്‍ വംശനാശ ഭീഷണി നേരിടുകയാണ്.പശ്ചിമഘട്ട മേഖലകളെ സംരക്ഷിച്ച് ഇത്തരം ഉഭയജീവികളുടെ വംശനാശം തടയാനുള്ള നടപടികള്‍ക്ക് മാധ്യമങ്ങളുടെയും പൊതു സമൂഹത്തിന്റെയും സഹകരണം ആവശ്യമാണ്.കടുവകളേയും സിംഹങ്ങളേയുമൊക്കെപ്പോലെ തവളകളേയും മറ്റു ഉഭയജീവികളേയും സംരക്ഷിക്കേണ്ടതുണ്ട്്. മാധ്യമ രംഗം കുറേക്കൂടി ഗൗരവത്തോടെ പരിസ്ഥിതി പഠനത്തെ സമീപിക്കേണ്ടതുണ്ടെന്നും അവിടെയാണ് സോമനാഥ് എന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രാധാന്യമെന്നും കാട് കയറി പോകാനും ഏറ്റവും സത്യസന്ധമായും ശാസ്ത്രീയമായും പരിസ്ഥിതി പ്രശ്‌നങ്ങളെ അവതരിപ്പിക്കാനും ശ്രമിച്ചിട്ടുള്ള ചുരുക്കം മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് സോമനാഥെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പക്ഷിനിരീക്ഷണം പോലെ തവളനിരീക്ഷണവും ഇന്ന് വ്യാപകമാവുകയാണ്. ഇത്തരം കാര്യങ്ങളില്‍ താനുള്‍പ്പെട്ട ഗവേഷകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാകുന്നുണ്ട്. പശ്ചിമഘട്ടം ഉഭയജീവികളുടെ ആവാസ കേന്ദ്രമായതിനാല്‍ തവളകളുടെ സംരക്ഷണത്തിന് കേരളം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇ.സോമനാഥുമായി മൂന്ന്പതിറ്റാണ്ടിലെ ആത്മ ബന്ധമായിരുന്നുവെന്ന് അദ്ദ്‌ദേഹം പറഞ്ഞു.
ചിത്രശലഭത്തേക്കാള്‍ ഭംഗിയുള്ള ഉഭയജീവിയാണ് തവള .വര്‍ണ്ണത്തിലും ഭംഗിയിലും അതിശയിപ്പിക്കുന്ന ഇനം തവളകളുണ്ട്.തവളകളെ സംരക്ഷിക്കല്‍ ജീവജാലങ്ങളെ മുഴുവന്‍ സംരക്ഷിക്കലാണെന്ന് പ്രൊഫ. എസ് ഡി ബിജു പറഞ്ഞു . അമേരിക്കയിലെ ഹാര്‍ഡ് വാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മധ്യേയാണ് പ്രൊഫ. എസ് ഡി ബിജു അക്കാദമിയിലെത്തിയത്.
തവളയെ പോലെ അവഗണിക്കപ്പെട്ട ഒരു ജീവി ജീവസമൂഹത്തിന്റെ നിലനില്പിന് എത്രത്തോളം പ്രാധാന്യമേറിയതാണെന്ന് ലോകത്തെ ഓര്‍മ്മപ്പെടുത്തുകയെന്നതാണ് എസ്.ഡി. ബിജുവിന്റെ നിയോഗമെന്ന് അധ്യക്ഷത വഹിച്ച അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു പറഞ്ഞു.
പ്രകൃതിക്കു വേണ്ടി സുഗതകുമാരി ടീച്ചര്‍ സംസാരിച്ചപ്പോഴും മരണം കാത്തു കിടക്കുന്ന ഭൂമിയെക്കുറിച്ച് ഒ. എന്‍. വി കുറുപ്പ് പറഞ്ഞപ്പോഴും നാമത് കവി ഭാവനകളായി തള്ളിക്കളയുകയായിരുന്നു എന്ന് സോമനാഥ് ഫ്രറ്റേണിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ മുന്‍ എം. പി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഏറ്റവും പ്രാധാന്യത്തോടെ പ്രകൃതിയെ നോക്കിക്കാണുകയും പ്രകൃതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ ശാസ്ത്രീയമായി മനസിലാക്കുകയും ചെയ്ത മാതൃകാ പത്രപ്രവര്‍ത്തകനായിരുന്നു ഇ. സോമനാഥ്.
അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ. രാജഗോപാല്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.