Post Image

പ്രഥമ വി പി ആർ ദേശീയ അവാർഡ് അനസുദ്ധീൻ അസീസിന് മറിയം വേഡ്രാഓഗോ സമ്മാനിച്ചു

അന്താരാഷ്ട്ര മീഡിയ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിൽ പ്രഥമ വി പി ആർ ദേശീയ പുരസ്‌കാരം അനസുദ്ദീൻ അസീസ് ഏറ്റുവാങ്ങി. പ്രശസ്ത ആഫ്രിക്കൻ ജേർണലിസ്റ്റായ മറിയം വേഡ്രാഓഗോയാണ് അനസുദ്ദീന് അവാർഡ് സമ്മാനിച്ചത്.
പ്രമുഖ മാധ്യമ പ്രവർത്തകനും കേരള പ്രസ്സ് അക്കാദമിയുടെ മുൻ ചെയർമാനുമായിരുന്ന വെട്ടത്ത് പുത്തൻവീട്ടിൽ രാമചന്ദ്രന്റെ(വി പി ആർ) സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ കേരള മീഡിയ അക്കാദമിയാണ് അവാർഡ് ഏർപ്പെടുത്തിയത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമുൾപ്പെട്ടതാണ് അവാർഡ്. ലണ്ടനിലെ ഫ്‌ളീറ്റ് സ്ട്രീറ്റില്‍ നിന്നിറങ്ങുന്ന ‘ലണ്ടന്‍ ഡെയ്‌ലി’ പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും മാനേജിങ് ഡയറക്ടറുമാണ് അനസുദ്ദീൻ. വി കെ കൃഷ്ണമേനോന് ശേഷം യു കെയിലെ മുഖ്യധാരാ പ്രസാധക രംഗത്ത് ഒരു ശ്രദ്ധേയമായ കാൽവെയ്‌പ്പ് നടത്തിയ മലയാളിയാണ് അനസുദ്ധീൻ അസീസ്.

Share

Post Image

രാജ്യത്ത് മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുന്നു- മുഖ്യമന്ത്രി

രാജ്യത്ത് മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ കേരള 2025 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഭരണസംവിധാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കയ്യൂക്കിന്റെ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന അവസ്ഥയാണ് ഇന്ന്. വിമര്‍ശനങ്ങളെ രാജ്യദ്രോഹമായി വ്യാഖ്യാനിക്കുന്നു. ഇത്തരം പ്രവണതകളെ ചെറുക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല
രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളുടെ നിയന്ത്രണം കുത്തക മുതലാളിമാരുടെ കൈയിലാണ്. കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കുന്ന നിലപാടാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാറിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തനം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തില്‍ മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ മീഡിയ ഫെസ്റ്റിവലിന് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പലസ്തീനില്‍ നടക്കുന്ന കൂട്ടക്കൊലകളെ അദ്ദേഹം അപലപിച്ചു. പലസ്തീനോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഫെസ്റ്റിവലിലെ ഡെലിഗേറ്റുകള്‍ ഒപ്പിട്ട ഐക്യദാര്‍ഢ്യരേഖ മുഖ്യമന്ത്രി ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള അബു ഷ്വേഷിന് കൈമാറി.
കേരള മീഡിയ അക്കാദമിയുടെ 2024ലെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക മറിയം ഔഡ്രാഗോക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡിനര്‍ഹരായ കരണ്‍ ഥാപ്പറിനും രാജ്ദീപ് സര്‍ദേശായിക്കുമുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു. രാജ്യത്തെ വലിയൊരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ അരക്ഷിതാവസ്ഥയിലാണ് തൊഴിലെടുക്കുന്നതെന്ന് രാജ്ദീപ് സര്‍ദേശായി പറഞ്ഞു. സെലിബ്രിറ്റി സ്റ്റാറ്റസില്ലാതെ സത്യത്തിനു വേണ്ടി പോരാടുന്ന നൂറുകണക്കിനു ജേണലിസ്റ്റുകള്‍ ഇന്ത്യയിലുണ്ടെന്നും മീഡിയ അക്കാദമിയുടെ പുരസ്‌കാരം അവര്‍ക്കു സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ അവാര്‍ഡിനു തെരഞ്ഞെടുത്തതിന് മീഡിയ അക്കാദമിയോട് നന്ദി രേഖപ്പെടുത്തുന്നതായി കരണ്‍ ഥാപ്പര്‍ പറഞ്ഞു. കേരളത്തിലേക്ക് നേരത്തെ വരാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച അദ്ദേഹം തിരിച്ചുവരുമെന്നും പറഞ്ഞു. ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍, യുകെയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ അനസുദ്ദീന്‍ അസീസ്, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ടി.വി. സുഭാഷ് ഐഎഎസ്, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു. കവിയും സരസ്വതി സമ്മാന ജേതാവുമായ പ്രഭാവര്‍മ്മ, മീഡിയ പേഴ്‌സണ്‍ അവാര്‍ഡ് ജൂറി അംഗം തോമസ് ജേക്കബ്, പത്രപ്രവര്‍ത്തകയൂണിയന്‍ ഭാരവാഹികളായ കെ.പി. റജി, സുരേഷ് എടപ്പാള്‍, ജനയുഗം ചീഫ് എഡിറ്റര്‍ രാജാജി മാത്യൂ തോമസ്, കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി, കേരള മീഡിയ അക്കാദമി സെക്രട്ടറി അരുണ്‍.എസ്.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്റർനാഷണൽ മീഡിയ ഫെസ്‌റ്റിവലുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ https://kma.ac.in/photo-gallery/ എന്ന ലിങ്കിൽ കാണാം

Share