Post Image

6 August 2025

മാധ്യമ സ്വാതന്ത്ര്യത്തിൽ കേരളം മുന്നിൽ : മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം മാധ്യമ സ്വാതന്ത്ര്യത്തിൽ മുന്നിലാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേരള മീഡിയ അക്കാദമിയുടെ മാധ്യമ പ്രതിഭാ സംഗമവും നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ കേരളത്തിൽ വളരെ ചെറിയ കാര്യങ്ങളെപ്പോലും പെരുപ്പിച്ച് കാണിക്കുന്ന പ്രവണതയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിതി മറിച്ചാണ്.

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ ആ സംഭവം കേരളത്തിന്റെ വിശാലമായ കാഴ്ചപ്പാടിലൂടെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്നത്. മാത്രമല്ല സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു. മാധ്യമപ്രവർത്തകരെ അജ്ഞാത ഫോൺ കോളുകളുടെ പേരിൽ മാസങ്ങളോളം ജയിലിൽ അടയ്ക്കുന്ന സംഭവവും ഇന്ത്യയിലുണ്ടായി. കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ അക്കാദമിക് വിദഗ്ദ്ധർ ജയിലിലടയ്ക്കപ്പെട്ടു.

ജനാധിപത്യത്തിൽ മാധ്യമങ്ങൾ ശക്തമായി നിൽക്കണമെന്ന അഭിപ്രായമാണ് കേരള സർക്കാരിനുള്ളത്.
ഏറ്റവും കൂടുതൽ കാർട്ടൂണിസ്റ്റുകളുളള സംസ്ഥാനമാണ് കേരളം. എന്നാൽ ഇന്ന് പല പത്രങ്ങളിലും പ്രത്യേക കാർട്ടൂൺ പംക്തിയും തസ്തികയും ഇല്ല. കാർട്ടൂൺ കൂട്ടത്തോടെ ചർച്ചചെയ്ത് വരയ്ക്കുന്ന സ്ഥിതിയുമുണ്ട്. അങ്ങനെ കൂട്ടുചേർന്ന് വരയ്‌ക്കേണ്ട ഒന്നാണ് കാർട്ടൂൺ എന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മെട്രോ റെയിൽ നിർമ്മാണം കാരണം കേരള മീഡിയ അക്കാദമിയുടെ നിലവിലുളള കെട്ടിടം നഷ്ടപ്പെടുന്നതിനാൽ പുതിയ കെട്ടിട നിർമ്മാണത്തിന് അടിയന്തര സഹായവും പിന്തുണയുമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2024-25 വർഷത്തെ ഫെലോഷിപ്പിന് അർഹരായവർക്കും കൊവിഡ് കാലത്ത് ചടങ്ങുകൾ നടക്കാതിരുന്നതിനാൽ മാറ്റിവെച്ച 2019-20 വർഷത്തെ ഫെലോഷിപ്പ് ജേതാക്കൾക്കുളള മെമന്റോയും അക്കാദമി നടത്തിയ വാർത്താ അവതരണ മത്സര വിജയികൾക്കുളള സമ്മാനവും ചടങ്ങിൽ മന്ത്രി സമ്മാനിച്ചു.

ഇതിനോടനുബന്ധിച്ച് ഒരു ദിവസശില്പശാലയും സംഘടിപ്പിച്ചു. ഡോ.പി.കെ.രാജശേഖരനായിരുന്നു ശില്പശാല ഡയറക്ടർ. ജേക്കബ് പുന്നൂസ് ഐപിഎസ്, എഐ സ്പെഷ്യലിസ്റ്റ് ഷിജു സദൻ എന്നിവർ ക്ലാസുകൾ നയിച്ചു.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷനായി. അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ഇ എസ് സുഭാഷ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് വെള്ളിമംഗലം, കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.ശ്രീകുമാർ, കാർട്ടൂണിസ്റ്റ് സുധീർനാഥ് എൻ ബി, ഫെല്ലോഷിപ്പ് ജേതാക്കളായ ജിഷ ജയൻ, സൂരജ് ടി എന്നിവർ സംസാരിച്ചു.

Share

Post Image

സ്ത്രീകളുടെ രാഷ്ട്രീയ സ്വരത്തെ പൊതു സമൂഹം ഭയപ്പെടുന്നു: ബാനു മുഷ്താഖ്

കാക്കനാട്; രാഷ്ട്രീയ സ്വരമുയര്‍ത്തുന്ന സ്ത്രീകളെയും അവരുടെ വ്യത്യസ്തങ്ങളായ ശബ്ദങ്ങളേയും പൊതു സമൂഹം ഭയപ്പെടുന്നു എന്ന് ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ജേതാവും പ്രമുഖ കന്നട എഴുത്തുകാരിയുമായ ബാനു മുഷ്താഖ്. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച സ്‌കോളര്‍ ഇന്‍ കാമ്പസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
യുവ മാധ്യമ പ്രവര്‍ത്തകര്‍ സത്യത്തിനായി അവരുടെ ജീവന്‍ അപകടത്തിലാക്കുന്നുണ്ട്. സത്യം പറയാന്‍ ഭയപ്പെടരുതെന്നും പക്ഷേ സത്യം പറയുമ്പോള്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും ബാനു മുഷ്താഖ് കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ സമൂഹത്തില്‍ മാധ്യമ പ്രവര്‍ത്തനം കുറ്റമല്ല. എന്നാല്‍ ജാതി-ലിംഗ അടിസ്ഥാനത്തിലുള്ള അതിക്രമങ്ങളെ മറയ്ക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി സിദ്ദിഖ് കാപ്പനെപ്പോലെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റുചെയ്യപ്പെടുന്നതും നാം കാണുന്നു. ഇത് നിലവിലുള്ള ദുര്‍ബലമായ മാധ്യമ സ്വാതന്ത്ര്യത്തയും അനീതിക്കു മുന്നില്‍ നിശബ്ദരാകാതിരിക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തത്തെയും ചൂണ്ടിക്കാട്ടുന്നു എന്ന് അവര്‍ പറഞ്ഞു. നിലവിലുള്ള തടസ്സങ്ങള്‍ മറികടന്ന് അസത്യത്തിനും അനീതിക്കുമെതിരെ  നിലകൊള്ളുന്ന വനിതാ – ദളിത് മാധ്യമ പ്രവര്‍ത്തകരില്‍ താന്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ കാണുന്നുണ്ടെന്നും ബാനു മുഷ്താഖ് പറഞ്ഞു. തന്റെ കാഴ്ചപ്പാടില്‍ സാഹിത്യപ്രവര്‍ത്തനം എന്നത് വെറും കഥ പറച്ചിലല്ലെന്നും സമൂഹത്തെ യഥാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണതെന്നും അവര്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷനായ ചടങ്ങില്‍ ദ ഹിന്ദു മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജന്‍  ബാനു മുഷ്താഖുമായി അഭിമുഖ സംഭാഷണം നടത്തി.
തന്റെ പത്രപ്രവര്‍ത്തന കാലഘട്ടത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ച ബാനു മുഷ്താഖ് കൊല ചെയ്യപ്പെട്ട പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് തന്റെ മാധ്യമ ജീവിതത്തിന് ഉള്‍ക്കാഴ്ച നല്‍കിയ വ്യക്തികളില്‍ ഒരാളായിരുന്നുവെന്ന് സൂചിപ്പിച്ചു. ദീര്‍ഘകാലത്തെ കന്നഡ പത്രപ്രവര്‍ത്തന പശ്ചാത്തലം തന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു നല്‍കിയെന്നും അവര്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ബാനു മുഷ്താഖിന്റെ കഥകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയ പ്രശസ്ത വിവര്‍ത്തകന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍,          കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി, കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സി.എല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Share

Post Image

കേരളം മാധ്യമ സ്വാതന്ത്ര്യത്തില്‍ മുന്നില്‍ : ജോണ്‍ ബ്രിട്ടാസ് എം.പി

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം ഏറ്റവും അധികമുള്ളത് കേരളത്തിലാണെന്നും ഇത് ദു:സ്വാതന്ത്ര്യമാണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ടെങ്കിലും ഈ സ്വാതന്ത്ര്യം  അനിവാര്യതയാണെന്ന് രാജ്യസഭാംഗവും മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു. കൊച്ചിയില്‍ കേരള മീഡിയ അക്കാദമിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ പി.ജി.ഡിപ്ലോമ 2025-26 ബാച്ചിന്റെ പ്രവേശനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 11 വര്‍ഷമായി കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വാര്‍ത്തയും പുറത്ത് കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് അവസരമുണ്ടായിട്ടില്ല. പല മേഖലകളില്‍ നിന്നുമുള്ള ഗുരുതരമായ വാര്‍ത്തകള്‍ പോലും മാധ്യമങ്ങള്‍ തിരസ്‌കരിക്കുകയാണ്. അപ്രിയ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ നിരന്തരം വേട്ടയാടപ്പെടുന്നൊരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട്്  പുതിയ തലമുറയിലെ മാധ്യമ വിദ്യാര്‍ത്ഥികള്‍ ഈ  രംഗത്തേക്ക് കൂടുതല്‍ ശക്തിയോടെ കടന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു
കഴിഞ്ഞ 40 വര്‍ഷമായി മാധ്യമ പ്രവര്‍ത്തനത്തെ ഒരു ലഹരിയായി കൊണ്ടു നടക്കുന്നതുകൊണ്ടാണ് ഇപ്പോഴും ഈ രംഗത്ത് സജീവമായിരിക്കുന്നതെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന 24 ന്യൂസ് ചാനല്‍ ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. അര്‍പ്പണബോധവും കഠിനാധ്വാനവും കൈമുതലായി ഉള്ളവര്‍ക്കു മാത്രമേ ഈ മേഖലയില്‍ വിജയം കൈവരിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിച്ചു. അക്കാദമി മുന്‍ ചെയര്‍മാനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ തോമസ് ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തി. കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സി.എല്‍ തോമസ്, അധ്യാപകരായ വിനീത വി.ജെ, വിഷ്ണുദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share