Post Image

മാധ്യമഭാഷ: ഇല്ലിക്കുന്നു മുതൽ ഇന്റർനെറ്റ് വരെ

മാധ്യമഭാഷയുടെ വർത്തമാനകാല അവസ്ഥയെക്കുറിച്ച് അന്താരാഷ്ട്ര മീഡിയ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച “മാധ്യമഭാഷ: ഇല്ലിക്കുന്നു മുതൽ ഇന്റർനെറ്റ് വരെ” എന്ന വിഷയത്തിൽ പാനൽ ചർച്ച നടത്തി. സാഹിത്യനിരൂപകൻ ഡോ. പി കെ രാജശേഖരൻ മോഡറേറ്റർ ആയ ചർച്ചയിൽ മലയാളമനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, മാധ്യമ-സാഹിത്യ പ്രവർത്തകൻ കെ.സി നാരായണൻ, കൈരളി ന്യൂസ് ചാനൽ കൺസൾട്ടിങ് എഡിറ്റർ എൻ.പി ചന്ദ്രശേഖരൻ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.
മാധ്യമഭാഷയുടെ ദീർഘകാല ചരിത്രം അച്ചടിയിൽ തുടങ്ങി ഓൺലൈൻ രംഗത്തെത്തി നിൽക്കുമ്പോൾ നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അത് മലയാളികളുടെ ഭാഷാശൈലിയെ സ്വാധീനിച്ചിട്ടുണ്ടെന്നും അഭിപ്രായങ്ങൾ ഉയർന്നുവന്നു. പ്രാദേശിക മലയാളം മാധ്യമരംഗത്ത് പ്രയോഗിക്കുമ്പോൾ നിരവധി വെല്ലുവിളികൾ ഉണ്ട്. അച്ചടിമാധ്യമങ്ങൾ വ്യത്യസ്ത ഭാഷാശൈലി ഉപയോഗിക്കുന്നത് വായനക്കാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്, എന്നാൽ ഭാഷാ ഏകീകരണം അംഗീകരിക്കാൻ പല മാധ്യമങ്ങളും തയ്യാറാവണമെന്നില്ല. ചില ഭാഷാപ്രയോഗങ്ങൾ വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളിൽ സൃഷ്‌ടിച്ച രസകരമായ അനുഭവങ്ങളും ചർച്ചയ്ക്കിടെ പങ്കുവെയ്ക്കപ്പെട്ടു.

Share

Post Image

6 August 2025

മാധ്യമ സ്വാതന്ത്ര്യത്തിൽ കേരളം മുന്നിൽ : മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം മാധ്യമ സ്വാതന്ത്ര്യത്തിൽ മുന്നിലാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേരള മീഡിയ അക്കാദമിയുടെ മാധ്യമ പ്രതിഭാ സംഗമവും നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും തിരുവനന്തപുരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ കേരളത്തിൽ വളരെ ചെറിയ കാര്യങ്ങളെപ്പോലും പെരുപ്പിച്ച് കാണിക്കുന്ന പ്രവണതയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിതി മറിച്ചാണ്.

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ ആ സംഭവം കേരളത്തിന്റെ വിശാലമായ കാഴ്ചപ്പാടിലൂടെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്നത്. മാത്രമല്ല സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു. മാധ്യമപ്രവർത്തകരെ അജ്ഞാത ഫോൺ കോളുകളുടെ പേരിൽ മാസങ്ങളോളം ജയിലിൽ അടയ്ക്കുന്ന സംഭവവും ഇന്ത്യയിലുണ്ടായി. കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ അക്കാദമിക് വിദഗ്ദ്ധർ ജയിലിലടയ്ക്കപ്പെട്ടു.

ജനാധിപത്യത്തിൽ മാധ്യമങ്ങൾ ശക്തമായി നിൽക്കണമെന്ന അഭിപ്രായമാണ് കേരള സർക്കാരിനുള്ളത്.
ഏറ്റവും കൂടുതൽ കാർട്ടൂണിസ്റ്റുകളുളള സംസ്ഥാനമാണ് കേരളം. എന്നാൽ ഇന്ന് പല പത്രങ്ങളിലും പ്രത്യേക കാർട്ടൂൺ പംക്തിയും തസ്തികയും ഇല്ല. കാർട്ടൂൺ കൂട്ടത്തോടെ ചർച്ചചെയ്ത് വരയ്ക്കുന്ന സ്ഥിതിയുമുണ്ട്. അങ്ങനെ കൂട്ടുചേർന്ന് വരയ്‌ക്കേണ്ട ഒന്നാണ് കാർട്ടൂൺ എന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മെട്രോ റെയിൽ നിർമ്മാണം കാരണം കേരള മീഡിയ അക്കാദമിയുടെ നിലവിലുളള കെട്ടിടം നഷ്ടപ്പെടുന്നതിനാൽ പുതിയ കെട്ടിട നിർമ്മാണത്തിന് അടിയന്തര സഹായവും പിന്തുണയുമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2024-25 വർഷത്തെ ഫെലോഷിപ്പിന് അർഹരായവർക്കും കൊവിഡ് കാലത്ത് ചടങ്ങുകൾ നടക്കാതിരുന്നതിനാൽ മാറ്റിവെച്ച 2019-20 വർഷത്തെ ഫെലോഷിപ്പ് ജേതാക്കൾക്കുളള മെമന്റോയും അക്കാദമി നടത്തിയ വാർത്താ അവതരണ മത്സര വിജയികൾക്കുളള സമ്മാനവും ചടങ്ങിൽ മന്ത്രി സമ്മാനിച്ചു.

ഇതിനോടനുബന്ധിച്ച് ഒരു ദിവസശില്പശാലയും സംഘടിപ്പിച്ചു. ഡോ.പി.കെ.രാജശേഖരനായിരുന്നു ശില്പശാല ഡയറക്ടർ. ജേക്കബ് പുന്നൂസ് ഐപിഎസ്, എഐ സ്പെഷ്യലിസ്റ്റ് ഷിജു സദൻ എന്നിവർ ക്ലാസുകൾ നയിച്ചു.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷനായി. അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ഇ എസ് സുഭാഷ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് വെള്ളിമംഗലം, കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.ശ്രീകുമാർ, കാർട്ടൂണിസ്റ്റ് സുധീർനാഥ് എൻ ബി, ഫെല്ലോഷിപ്പ് ജേതാക്കളായ ജിഷ ജയൻ, സൂരജ് ടി എന്നിവർ സംസാരിച്ചു.

Share