Post Image

ക്വിസ് പ്രസ്സ് വിജയികൾക്ക് സമ്മാനം നൽകി അടൂർ ഗോപാലകൃഷ്ണൻ

രാജ്യാന്തര മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഭാഗമായി കേരള മീഡിയ അക്കാദമി ഹയർസെക്കൻഡറി-കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതല പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ഓർമ്മ ശക്തിയും വിശകലന പാടവവും കൊണ്ട് ശ്രദ്ധേയനായ ജി.എസ് പ്രദീപ് ആയിരുന്നു ക്വിസ് മാസ്റ്റർ.
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വെച്ച് നടന്ന മത്സരത്തിന്റെ ആദ്യഘട്ടത്തിൽ നിന്ന് ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് യു.സി കോളേജ് ആലുവ, ജി.എം.ബി.എ.എസ്. എസ് ആറ്റിങ്ങൽ, യൂണിവേഴ്സിറ്റി ഓഫ് കേരള, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, എൻ.എസ്. എസ്.എച്ച്.എസ്.എസ് മടവൂർ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച വിദ്യാർത്ഥികളായിരുന്നു.
മത്സരത്തിന്റെ അവസാന ഘട്ടത്തിൽ വിജയികളായത് മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥികളായ അശ്വിൻ വി.ജെ, ആദിത്യൻ സി.എം എന്നിവരാണ്. വിജയികൾക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നൽകി. രണ്ടാം സ്ഥാനം കൈവരിച്ച യു.സി കോളേജിന് 60,000 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനം എത്തിയ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ കോമേഴ്‌സ് ഡിപ്പാർട്മെന്റിന് 30,000 രൂപയും ട്രോഫിയും ലഭിച്ചു. കെ യു ഡബ്ല്യൂ ജെ സെക്രട്ടറി ബി.അഭിജിത്ത് ക്വിസ് പ്രസിന് ആശംസകൾ നേർന്നു. “തോറ്റവർ ചിലപ്പോഴൊക്കെ ജയിച്ചവരേക്കാൾ മികച്ചവരാണ് “എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ജി.എസ് പ്രദീപ് പരിപാടി അവസാനിപ്പിച്ചത്.

Share

Post Image

പലസ്തീന്റെ മേൽ തുടരുന്ന വംശീയ ധ്രുവീകരണം, നെതന്യാഹുവിന്റെ അഴിമതിമുഖം മറച്ചു വക്കാനുള്ള ശ്രമം: പലസ്തീൻ അംബാസഡർ

പലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ തന്റെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുവാനും തനിക്കെതിരെ നിലനിൽക്കുന്ന അഴിമതി വിവാദങ്ങൾ മറച്ചുവെക്കുവാനുമുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യനാഹുവിന്റെ പൈശാചിക ശ്രമമാണെന്ന് ഇന്ത്യയിലെ പലസ്‌തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ്.
കേരള മീഡിയ അക്കാദമി നടത്തുന്ന അന്താരാഷ്ട്ര മാധ്യമോത്സവ വേദിയിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണനുമായി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലസ്തീൻ ജനത നേരിടുന്ന യുദ്ധവും വംശഹത്യയും അടങ്ങുന്ന വിഷയങ്ങളിലൂന്നിയായിരുന്നു സംവാദം. പലസ്തീൻ-ഇസ്രായേൽ വിഷയത്തിൽ ആദ്യഘട്ടം മുതൽ അന്താരാഷ്ട്ര മാധ്യമങ്ങൾ പുലർത്തിവന്ന ഇസ്രായേൽ പക്ഷം ചേരൽ വിമർശിച്ച അദ്ദേഹം, ഗാസയിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ ധീരോജ്ജ്വലമായ ത്യാഗങ്ങളെ സ്മരിക്കുകയും ചെയ്തു.

Share

Post Image

മാറുന്ന കാലത്തെ മാധ്യമപ്രവർത്തനത്തിന്‌ കരുത്തേകാൻ ഐഎംഎഫ്‌കെയുടെ എഐ വർക്ക്‌ഷോപ്പ്‌

ടാഗോർ ഹാളിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവലിൻ്റെ രണ്ടാം ദിവസമായ ഒക്ടോബർ 1 ന് എ ഐ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഡിജിറ്റൽ മീഡിയ കൺസൽട്ടൻറ് സുനിൽ പ്രഭാകറും ഷിജു സദനുമാണ്‌ വർക്ക്ഷോപ്പിന് നേത്യത്വം നൽകിയത്.
പരിപാടിയിൽ പത്രപ്രവർത്തകർക്ക് സഹായകമാകുന്ന ‘പിൻപോയിൻ്റ് ‘എന്ന എ ഐ റിസർച്ച് ടൂൾ പരിചയപ്പെടുത്തി. ഇൻവെസ്റ്റിഗേറ്റിവ് സ്റ്റോറീസ്, ബ്രേക്കിങ് ന്യൂസ്‌ അനലിസ്റ്റ്, ഓഡിയോ ആൻഡ് വീഡിയോ ട്രാൻസ്ക്രിപ്ഷൻ, ഫാക്റ്റ് ചെക്കിങ്, നോട്ട്സ് ശേഖരണം എന്നിവയ്ക്ക് ഇത് സാഹായകമാകുന്നു. ഇതിനു പുറമെ മാധ്യമപ്രവർത്തകർക്ക് കൂടുതൽ സഹായകമാകുന്ന മറ്റ് ടൂളുകളെയും അതിന്റെ ശരിയായ ഉപയോഗത്തെയും കുറിച്ച് വർക്ക്ഷോപ്പിൽ പരാമർശിച്ചു. വർക്ക്ഷോപ്പിൽ പങ്കെടുത്ത എല്ലാവർക്കും കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

Share

Post Image

ഫാക്റ്റ് ചെക്കിംഗ് ഏറെ നിർണായകം: മുഹമ്മദ്‌ സുബൈർ

IMFK യുടെ രണ്ടാം ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന “ആക്സിഡന്റൽ ജേർണലിസം” എന്ന സെഷനിൽ ഫാക്റ്റ് ചെക്കിംഗിന്റെ പ്രാധാന്യം, കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ, കൂടാതെ അന്വേഷണ മാധ്യമപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ പ്രധാനവിഷയങ്ങളായി കടന്നുവന്നു.
ആൾട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറും അന്വേഷണ മാധ്യമപ്രവർത്തകൻ രവി നായറും മുഖ്യാതിഥികളായിരുന്നു. പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എൻ പി ഉല്ലേഖ് ചര്‍ച്ചക്ക് നേതൃത്വം നൽകി. സംഭാഷണത്തിനിടെ, തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പൊതുജനാഭിപ്രായത്തെ ബാധിക്കുന്ന കാലഘട്ടത്തിൽ ഫാക്റ്റ് ചെക്കിംഗ് ഏറെ നിർണായകമാണെന്ന് മുഹമ്മദ് സുബൈർ പറഞ്ഞു.
“ഭരണകൂടത്തിന്റെ നയങ്ങളിലും പദ്ധതികളിലും പല വിടവുകളുമുണ്ട്. അതു പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകർ പലപ്പോഴും ഭീഷണിയും സമ്മർദ്ദവും നേരിടേണ്ടി വരുന്നു.” എന്ന് രവി നായർ അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾ രാഷ്ട്രീയ ധ്രുവീകരണത്തിന്റെയും കോർപ്പറേറ്റ് സ്വാധീനത്തിന്റെയും പശ്ചാത്തലത്തിൽ കാര്യമായ സമ്മർദ്ദം അനുഭവിക്കുന്നുവെന്ന് ഉല്ലേഖ് ചൂണ്ടിക്കാട്ടി. ഇത്തരം സംവാദങ്ങൾ മാധ്യമങ്ങളുടെ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തുന്നവയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Share

Post Image

കേരള മീഡിയ അക്കാദമി മാധ്യമ അവാർഡുകൾ സമ്മാനിച്ചു

അന്താരാഷ്ട്ര മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള വേദിയിൽ മാധ്യമരംഗത്തെ മികച്ച സേവനത്തിന് കേരള മീഡിയ അക്കാദമിയുടെ അംഗീകാരം. ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച പ്രൊഫ കെ വി തോമസ് “മാധ്യമരംഗത്ത് സ്വതന്ത്രമായ ഇടപെടലുകൾ നടത്തി സമൂഹത്തിന് പ്രതിബദ്ധമായ സംഭാവനകൾ നൽകുന്ന സ്ഥാപനമാണ് കേരള മീഡിയ അക്കാദമി” എന്ന് ചൂണ്ടിക്കാട്ടി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എസ് എസ് അരുൺ സ്വാഗതം ആശംസിച്ചു.
ഈ വർഷത്തെ അവാർഡ് ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ മാധ്യമരംഗത്തെ മുതിർന്ന പത്രപ്രവർത്തകനായ തോമസ് ജേക്കബ് സമ്മാനിച്ചു. മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരൻ നമ്പ്യാർ അവാർഡ് മാധ്യമം ജോയിന്റ് എഡിറ്റർ പി ഐ നൗഷാദിനും, എൻ എൻ സത്യവ്രതൻ അവാർഡ് ജനയുഗം ഇടുക്കി ബ്യൂറോ ആർ സാംബനും, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് മാതൃഭൂമി ദിനപത്രം സീനിയർ കറസ്പോണ്ടന്റ് നീനു മോഹനും ലഭിച്ചു. ദൃശ്യമാധ്യമ പ്രവർത്തനത്തിനുള്ള അവാർഡ് മാതൃഭൂമി ന്യൂസ് അസോസിയേറ്റ് എഡിറ്റർ ബിജു പങ്കജിനും, ഫോട്ടോഗ്രാഫി അവാർഡ് മലയാള മനോരമ കണ്ണൂർ ഫോട്ടോഗ്രാഫർ ജിതിൻ ജോയൽ ഹാരിമിനും, മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ മൂർക്കന്നൂർ നാരായണൻ അവാർഡ് മലയാള മനോരമ പൊന്നാനി ലേഖകൻ ജിബീഷ് വൈലിപ്പാട്ടിനും ലഭിച്ചു. മാതൃഭൂമി ന്യൂസിലെ സൗമ്യ കെ.ആർ. മീഡിയ അക്കാദമിയുടെ സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് അർഹയായി.

Share

Post Image

പ്രഥമ വി പി ആർ ദേശീയ അവാർഡ് അനസുദ്ധീൻ അസീസിന് മറിയം വേഡ്രാഓഗോ സമ്മാനിച്ചു

അന്താരാഷ്ട്ര മീഡിയ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിൽ പ്രഥമ വി പി ആർ ദേശീയ പുരസ്‌കാരം അനസുദ്ദീൻ അസീസ് ഏറ്റുവാങ്ങി. പ്രശസ്ത ആഫ്രിക്കൻ ജേർണലിസ്റ്റായ മറിയം വേഡ്രാഓഗോയാണ് അനസുദ്ദീന് അവാർഡ് സമ്മാനിച്ചത്.
പ്രമുഖ മാധ്യമ പ്രവർത്തകനും കേരള പ്രസ്സ് അക്കാദമിയുടെ മുൻ ചെയർമാനുമായിരുന്ന വെട്ടത്ത് പുത്തൻവീട്ടിൽ രാമചന്ദ്രന്റെ(വി പി ആർ) സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ കേരള മീഡിയ അക്കാദമിയാണ് അവാർഡ് ഏർപ്പെടുത്തിയത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമുൾപ്പെട്ടതാണ് അവാർഡ്. ലണ്ടനിലെ ഫ്‌ളീറ്റ് സ്ട്രീറ്റില്‍ നിന്നിറങ്ങുന്ന ‘ലണ്ടന്‍ ഡെയ്‌ലി’ പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും മാനേജിങ് ഡയറക്ടറുമാണ് അനസുദ്ദീൻ. വി കെ കൃഷ്ണമേനോന് ശേഷം യു കെയിലെ മുഖ്യധാരാ പ്രസാധക രംഗത്ത് ഒരു ശ്രദ്ധേയമായ കാൽവെയ്‌പ്പ് നടത്തിയ മലയാളിയാണ് അനസുദ്ധീൻ അസീസ്.

Share

Post Image

ദക്ഷിണേന്ത്യയിലെ മാധ്യമപ്രവർത്തകർ വ്യത്യസ്ത സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നു: കെ.കെ.ഷാഹിന

നോർത്ത് ഇന്ത്യയെ അപേക്ഷിച്ച് കേരളത്തിലെ മാധ്യമപ്രവർത്തകർ വ്യത്യസ്ത സാഹചര്യത്തിൽ ജോലി ചെയ്യുന്നവരാണ് എന്ന് പ്രമുഖ മാധ്യമപ്രവർത്തക കെ.കെ ഷാഹിന. ഇൻ്റർനാഷണൽ മീഡിയ ഫെസ്റ്റിവലിൻ്റെ ഭാഗമായി നടന്ന “മിററിംഗ് ദി ട്രൂത്ത്” എന്ന പാനൽ ഡിസ്കഷനിൽ സംസാരിക്കുകയായിരുന്നു കെ.കെ ഷാഹിന. ദേശാഭിമാനി എഡിറ്റർ എൻ.എസ് സജിത്ത് ആണ് ചർച്ച നിയന്ത്രിച്ചത്. കേരളത്തിൽ ഒരു വാർത്തയും മറച്ചു വയ്ക്കാനാവില്ല, എന്നാൽ നോർത്ത് ഇന്ത്യയിൽ മൂടിവയ്ക്കപ്പെടുന്നുണ്ട്. ഇലക്ടറൽ ബോണ്ട് പോലുള്ള അഴിമതികൾ പുറത്ത് കൊണ്ടുവന്നത് പ്രമുഖ മാധ്യമങ്ങളല്ല ന്യൂമീഡിയ ആണെന്നും അവർ അഭിപ്രായപ്പെട്ടു.
ഇക്കാലത്ത് പത്രപ്രവർത്തനം വളരെ അപകടമേറിയതാണെന്നും, മാധ്യമപ്രവർത്തകർ സ്വന്തം ജീവൻ പോലും നൽകേണ്ട അവസ്ഥയുണ്ടാവുന്നു എന്നും ചർച്ചയിൽ പങ്കെടുത്ത പ്രമുഖ മാധ്യമപ്രവർത്തക പുഷ്പ രോക്ഡെ പറഞ്ഞു. മാധ്യമ പ്രവർത്തകൻ മുകേഷ് ചന്ദ്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവർ. സത്യസന്ധമായ മാധ്യമപ്രവർത്തനം നടത്തുന്നതിന് അധികാരികളിൽ നിന്നും നിയമപാലകരിൽ നിന്നും ബുദ്ധിമുട്ട് നേരിടുന്നെങ്കിൽ ധൈര്യപൂർവം കോടതിയെ സമീപിക്കണമെന്നും പോരാട്ടം നടത്തണമെന്നും രോക്ഡെ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു

Share

Post Image

രാജ്യത്ത് മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുന്നു- മുഖ്യമന്ത്രി

രാജ്യത്ത് മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ കേരള 2025 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഭരണസംവിധാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കയ്യൂക്കിന്റെ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന അവസ്ഥയാണ് ഇന്ന്. വിമര്‍ശനങ്ങളെ രാജ്യദ്രോഹമായി വ്യാഖ്യാനിക്കുന്നു. ഇത്തരം പ്രവണതകളെ ചെറുക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല
രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളുടെ നിയന്ത്രണം കുത്തക മുതലാളിമാരുടെ കൈയിലാണ്. കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കുന്ന നിലപാടാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാറിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തനം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തില്‍ മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ മീഡിയ ഫെസ്റ്റിവലിന് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പലസ്തീനില്‍ നടക്കുന്ന കൂട്ടക്കൊലകളെ അദ്ദേഹം അപലപിച്ചു. പലസ്തീനോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഫെസ്റ്റിവലിലെ ഡെലിഗേറ്റുകള്‍ ഒപ്പിട്ട ഐക്യദാര്‍ഢ്യരേഖ മുഖ്യമന്ത്രി ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള അബു ഷ്വേഷിന് കൈമാറി.
കേരള മീഡിയ അക്കാദമിയുടെ 2024ലെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക മറിയം ഔഡ്രാഗോക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡിനര്‍ഹരായ കരണ്‍ ഥാപ്പറിനും രാജ്ദീപ് സര്‍ദേശായിക്കുമുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു. രാജ്യത്തെ വലിയൊരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ അരക്ഷിതാവസ്ഥയിലാണ് തൊഴിലെടുക്കുന്നതെന്ന് രാജ്ദീപ് സര്‍ദേശായി പറഞ്ഞു. സെലിബ്രിറ്റി സ്റ്റാറ്റസില്ലാതെ സത്യത്തിനു വേണ്ടി പോരാടുന്ന നൂറുകണക്കിനു ജേണലിസ്റ്റുകള്‍ ഇന്ത്യയിലുണ്ടെന്നും മീഡിയ അക്കാദമിയുടെ പുരസ്‌കാരം അവര്‍ക്കു സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ അവാര്‍ഡിനു തെരഞ്ഞെടുത്തതിന് മീഡിയ അക്കാദമിയോട് നന്ദി രേഖപ്പെടുത്തുന്നതായി കരണ്‍ ഥാപ്പര്‍ പറഞ്ഞു. കേരളത്തിലേക്ക് നേരത്തെ വരാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച അദ്ദേഹം തിരിച്ചുവരുമെന്നും പറഞ്ഞു. ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍, യുകെയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ അനസുദ്ദീന്‍ അസീസ്, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ടി.വി. സുഭാഷ് ഐഎഎസ്, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു. കവിയും സരസ്വതി സമ്മാന ജേതാവുമായ പ്രഭാവര്‍മ്മ, മീഡിയ പേഴ്‌സണ്‍ അവാര്‍ഡ് ജൂറി അംഗം തോമസ് ജേക്കബ്, പത്രപ്രവര്‍ത്തകയൂണിയന്‍ ഭാരവാഹികളായ കെ.പി. റജി, സുരേഷ് എടപ്പാള്‍, ജനയുഗം ചീഫ് എഡിറ്റര്‍ രാജാജി മാത്യൂ തോമസ്, കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി, കേരള മീഡിയ അക്കാദമി സെക്രട്ടറി അരുണ്‍.എസ്.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്റർനാഷണൽ മീഡിയ ഫെസ്‌റ്റിവലുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ https://kma.ac.in/photo-gallery/ എന്ന ലിങ്കിൽ കാണാം

Share

Post Image

ചോദ്യങ്ങളുടെ അശ്വമേധം

അന്താരാഷ്ട്ര മീഡിയ ഫെസ്റ്റിവലിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ ആദ്യഘട്ടം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ നടന്നു.
കേരളത്തിന്റെ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് നേതൃത്വം നൽകിയ പരിപാടിയിൽ കേരള മീഡിയ അക്കാദമി വിദ്യാർത്ഥികളും കേരളത്തിലെ മറ്റു വിവിധ കോളേജുകളിൽ നിന്നെത്തിയ വിദ്യാർത്ഥികളും പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം നൽകി.

Share

Post Image

യൂട്യൂബ്: കാണാനും കണ്ടെത്താനും പുതിയ വഴികൾ – ബാബു രാമചന്ദ്രൻ

അന്താരാഷ്ട്ര മീഡിയ ഫെസ്റ്റിവലിന്റെ ഭാഗമായി, “യൂട്യൂബ് ഡിസ്കോഡിംഗ്: ഡിജിറ്റൽ സ്റ്റോറി ടെല്ലിംഗിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും” എന്ന വർക്ക്‌ഷോപ്പ് ടാഗോർ തീയേറ്ററിലെ അനെക്‌സ് ഹാളിൽ വച്ച് നടന്നു. പ്രശസ്ത യൂട്യൂബറും മാധ്യമപ്രവർത്തകനുമായ ബാബു രാമചന്ദ്രനും റോഷൻ മാത്യുവും ചേർന്നാണ് സെഷൻ നയിച്ചത്.
ഡിജിറ്റൽ മാധ്യമങ്ങൾക്ക് ഇന്ന് ടെലിവിഷനേക്കാൾ വിശാലമായ സാധ്യതകളുണ്ടെന്ന് ബാബു രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. യൂട്യൂബ് വെറും വീഡിയോ പ്ലാറ്റ്ഫോം മാത്രമല്ല; സർച്ച് എഞ്ചിനായും, സോഷ്യൽ നെറ്റ്‌വർക്കായും, റെക്കമെൻഡേഷൻ എഞ്ചിനായും പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രേക്ഷകർ കൂടുതലായി ആശ്രയിക്കുന്ന ബ്രൗസ് ഫീച്ചറുകളുടെ പ്രാധാന്യവും, ജനപ്രിയ കീവേഡുകളുടെ പ്രയോഗവും അദ്ദേഹം വിശദീകരിച്ചു. യൂട്യൂബ് ആരംഭിക്കുന്നവർ അറിയേണ്ട അടിസ്ഥാനങ്ങൾ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, ഉള്ളടക്ക നിർമ്മാണത്തിലെ വൈവിധ്യം, സൃഷ്ടിപരമായ സമീപനങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ വർക്ക്‌ഷോപ്പിൽ ചർച്ചയായി. സെഷന്റെ അവസാനത്തിൽ, പങ്കെടുത്തവരുമായി ചർച്ചകൾ നടന്നു.

Share