മാധ്യമഭാഷ: ഇല്ലിക്കുന്നു മുതൽ ഇന്റർനെറ്റ് വരെ
മാധ്യമഭാഷയുടെ വർത്തമാനകാല അവസ്ഥയെക്കുറിച്ച് അന്താരാഷ്ട്ര മീഡിയ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച “മാധ്യമഭാഷ: ഇല്ലിക്കുന്നു മുതൽ ഇന്റർനെറ്റ് വരെ” എന്ന വിഷയത്തിൽ പാനൽ ചർച്ച നടത്തി. സാഹിത്യനിരൂപകൻ ഡോ. പി കെ രാജശേഖരൻ മോഡറേറ്റർ ആയ ചർച്ചയിൽ മലയാളമനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, മാധ്യമ-സാഹിത്യ പ്രവർത്തകൻ കെ.സി നാരായണൻ, കൈരളി ന്യൂസ് ചാനൽ കൺസൾട്ടിങ് എഡിറ്റർ എൻ.പി ചന്ദ്രശേഖരൻ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.
മാധ്യമഭാഷയുടെ ദീർഘകാല ചരിത്രം അച്ചടിയിൽ തുടങ്ങി ഓൺലൈൻ രംഗത്തെത്തി നിൽക്കുമ്പോൾ നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അത് മലയാളികളുടെ ഭാഷാശൈലിയെ സ്വാധീനിച്ചിട്ടുണ്ടെന്നും അഭിപ്രായങ്ങൾ ഉയർന്നുവന്നു. പ്രാദേശിക മലയാളം മാധ്യമരംഗത്ത് പ്രയോഗിക്കുമ്പോൾ നിരവധി വെല്ലുവിളികൾ ഉണ്ട്. അച്ചടിമാധ്യമങ്ങൾ വ്യത്യസ്ത ഭാഷാശൈലി ഉപയോഗിക്കുന്നത് വായനക്കാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്, എന്നാൽ ഭാഷാ ഏകീകരണം അംഗീകരിക്കാൻ പല മാധ്യമങ്ങളും തയ്യാറാവണമെന്നില്ല. ചില ഭാഷാപ്രയോഗങ്ങൾ വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളിൽ സൃഷ്ടിച്ച രസകരമായ അനുഭവങ്ങളും ചർച്ചയ്ക്കിടെ പങ്കുവെയ്ക്കപ്പെട്ടു.