Post Image

ഫാക്റ്റ് ചെക്കിംഗ് ഏറെ നിർണായകം: മുഹമ്മദ്‌ സുബൈർ

IMFK യുടെ രണ്ടാം ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന “ആക്സിഡന്റൽ ജേർണലിസം” എന്ന സെഷനിൽ ഫാക്റ്റ് ചെക്കിംഗിന്റെ പ്രാധാന്യം, കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ, കൂടാതെ അന്വേഷണ മാധ്യമപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ പ്രധാനവിഷയങ്ങളായി കടന്നുവന്നു.
ആൾട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറും അന്വേഷണ മാധ്യമപ്രവർത്തകൻ രവി നായറും മുഖ്യാതിഥികളായിരുന്നു. പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എൻ പി ഉല്ലേഖ് ചര്‍ച്ചക്ക് നേതൃത്വം നൽകി. സംഭാഷണത്തിനിടെ, തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പൊതുജനാഭിപ്രായത്തെ ബാധിക്കുന്ന കാലഘട്ടത്തിൽ ഫാക്റ്റ് ചെക്കിംഗ് ഏറെ നിർണായകമാണെന്ന് മുഹമ്മദ് സുബൈർ പറഞ്ഞു.
“ഭരണകൂടത്തിന്റെ നയങ്ങളിലും പദ്ധതികളിലും പല വിടവുകളുമുണ്ട്. അതു പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകർ പലപ്പോഴും ഭീഷണിയും സമ്മർദ്ദവും നേരിടേണ്ടി വരുന്നു.” എന്ന് രവി നായർ അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾ രാഷ്ട്രീയ ധ്രുവീകരണത്തിന്റെയും കോർപ്പറേറ്റ് സ്വാധീനത്തിന്റെയും പശ്ചാത്തലത്തിൽ കാര്യമായ സമ്മർദ്ദം അനുഭവിക്കുന്നുവെന്ന് ഉല്ലേഖ് ചൂണ്ടിക്കാട്ടി. ഇത്തരം സംവാദങ്ങൾ മാധ്യമങ്ങളുടെ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തുന്നവയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Share

Post Image

രാജ്യത്ത് മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുന്നു- മുഖ്യമന്ത്രി

രാജ്യത്ത് മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ കേരള 2025 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഭരണസംവിധാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കയ്യൂക്കിന്റെ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന അവസ്ഥയാണ് ഇന്ന്. വിമര്‍ശനങ്ങളെ രാജ്യദ്രോഹമായി വ്യാഖ്യാനിക്കുന്നു. ഇത്തരം പ്രവണതകളെ ചെറുക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല
രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളുടെ നിയന്ത്രണം കുത്തക മുതലാളിമാരുടെ കൈയിലാണ്. കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കുന്ന നിലപാടാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാറിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തനം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തില്‍ മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ മീഡിയ ഫെസ്റ്റിവലിന് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പലസ്തീനില്‍ നടക്കുന്ന കൂട്ടക്കൊലകളെ അദ്ദേഹം അപലപിച്ചു. പലസ്തീനോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഫെസ്റ്റിവലിലെ ഡെലിഗേറ്റുകള്‍ ഒപ്പിട്ട ഐക്യദാര്‍ഢ്യരേഖ മുഖ്യമന്ത്രി ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള അബു ഷ്വേഷിന് കൈമാറി.
കേരള മീഡിയ അക്കാദമിയുടെ 2024ലെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക മറിയം ഔഡ്രാഗോക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡിനര്‍ഹരായ കരണ്‍ ഥാപ്പറിനും രാജ്ദീപ് സര്‍ദേശായിക്കുമുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു. രാജ്യത്തെ വലിയൊരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ അരക്ഷിതാവസ്ഥയിലാണ് തൊഴിലെടുക്കുന്നതെന്ന് രാജ്ദീപ് സര്‍ദേശായി പറഞ്ഞു. സെലിബ്രിറ്റി സ്റ്റാറ്റസില്ലാതെ സത്യത്തിനു വേണ്ടി പോരാടുന്ന നൂറുകണക്കിനു ജേണലിസ്റ്റുകള്‍ ഇന്ത്യയിലുണ്ടെന്നും മീഡിയ അക്കാദമിയുടെ പുരസ്‌കാരം അവര്‍ക്കു സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ അവാര്‍ഡിനു തെരഞ്ഞെടുത്തതിന് മീഡിയ അക്കാദമിയോട് നന്ദി രേഖപ്പെടുത്തുന്നതായി കരണ്‍ ഥാപ്പര്‍ പറഞ്ഞു. കേരളത്തിലേക്ക് നേരത്തെ വരാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച അദ്ദേഹം തിരിച്ചുവരുമെന്നും പറഞ്ഞു. ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍, യുകെയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന്‍ അനസുദ്ദീന്‍ അസീസ്, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ടി.വി. സുഭാഷ് ഐഎഎസ്, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു. കവിയും സരസ്വതി സമ്മാന ജേതാവുമായ പ്രഭാവര്‍മ്മ, മീഡിയ പേഴ്‌സണ്‍ അവാര്‍ഡ് ജൂറി അംഗം തോമസ് ജേക്കബ്, പത്രപ്രവര്‍ത്തകയൂണിയന്‍ ഭാരവാഹികളായ കെ.പി. റജി, സുരേഷ് എടപ്പാള്‍, ജനയുഗം ചീഫ് എഡിറ്റര്‍ രാജാജി മാത്യൂ തോമസ്, കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി, കേരള മീഡിയ അക്കാദമി സെക്രട്ടറി അരുണ്‍.എസ്.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്റർനാഷണൽ മീഡിയ ഫെസ്‌റ്റിവലുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ https://kma.ac.in/photo-gallery/ എന്ന ലിങ്കിൽ കാണാം

Share