Post Image

രാജ്‌ദീപ് സര്‍ദേശായിക്ക് ഇന്ത്യൻ മീഡിയ പേഴ്‌സണ്‍ പുരസ്‌കാരം

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 2024-25ലെ ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡ് രാജ്‌ദീപ് സര്‍ദേശായിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും 2025 സെപ്തംബര്‍ 30 ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള 2025 ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു.

തോമസ് ജേക്കബ്, ഡോ.സെബാസ്റ്റ്യന്‍ പോള്‍, ഡോ.മീന.ടി.പിളള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. എന്‍.റാം ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍, രവീഷ് കുമാര്‍ എന്നിവരാണ് പോയവര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം നേടിയത്.

‘2014: ദി ഇലക്ഷന്‍ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ’ എന്ന ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിന്റെ രചയിതാവും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമാണ് രാജ്‌ദീപ് സര്‍ദേശായി. നിലവില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ്. അച്ചടി, ടിവി മേഖലകളില്‍ 26 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയമുള്ള സര്‍ദേശായി, എന്‍ഡിടിവി നെറ്റ്വര്‍ക്കിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. പിന്നീട് സിഎന്‍എന്‍ ഐബിഎന്‍ പോലുള്ള ചാനലുകളുമായി ചേര്‍ന്ന് ഐബിഎന്‍ 18 നെറ്റ്വര്‍ക്ക് സ്ഥാപിച്ചു. 26 വയസ്സുള്ളപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയിലാണ് സര്‍ദേശായി തന്റെ മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ പതിപ്പിന്റെ സിറ്റി എഡിറ്ററായിരുന്നു.

ഇന്ത്യയിലെ മുന്‍നിര രാഷ്ട്രീയകാര്യ റിപ്പോര്‍ട്ടറായി സര്‍ദേശായി ഖ്യാതി നേടി. പത്രപ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2008-ല്‍ പത്മശ്രീ പുര്സകാരം, 2002-ലെ ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്തതിന് ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അവാര്‍ഡ്, 2007-ല്‍ രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ഇന്‍ ജേണലിസം അവാര്‍ഡ് . 2014-ലെ പൊതുതെരഞ്ഞെടുപ്പ് മികച്ചരീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യയിലെ ഏറ്റവും മികച്ച വാര്‍ത്താ അവതാരകനുള്ള 2014-ലെ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

Share

Post Image

8 September 2025

കേരള മീഡിയ അക്കാദമിയുടെ രാജ്യാന്തര മാധ്യമോത്സവം തിരുവനന്തപുരത്ത്

കേരള മീഡിയ അക്കാദമിയുടെ രാജ്യാന്തര മാധ്യമോത്സവം തിരുവനന്തപുരത്ത് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2വരെ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ഇൻറർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കേസരി സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ ഫെസ്റ്റിവൽ ലോഗോ സരസ്വതി സമ്മാൻ നേടിയ കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ്മ പ്രകാശിപ്പിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡൻറ് ഷില്ലർ സ്റ്റീഫൻ ഏറ്റുവാങ്ങി.

സാമ്രാജ്യത്വരാജ്യങ്ങളിൽ നിന്ന് മൂന്നാംലോക രാഷ്ട്രങ്ങളിലേക്ക് വാർത്തകളുടെ കുത്തൊഴുക്കാണ്. എന്നാൽ മൂന്നാം ലോകരാഷ്ട്രങ്ങളിലെ വാർത്തകൾക്ക് വേണ്ടത്ര പ്രചാരണം ലഭിക്കുന്നില്ലെന്ന് പ്രഭാവർമ്മ പറഞ്ഞു. ലോകവാർത്ത എല്ലാ രാജ്യങ്ങളിലേക്കും തുല്യപ്രാധാന്യത്തോടെ എത്തുന്നതിനുളള ഒരു നവ അന്താരാഷ്ട്ര മാധ്യമക്രമം സൃഷ്ടിക്കുന്നതിനുളള ശ്രമങ്ങൾ ആഗോളതലത്തിൽ നടക്കുന്നുണ്ട്. കേരളത്തിൽ അതിനായി വിശ്രമരഹിതമായി പ്രവർത്തിക്കുന്ന കേരള മീഡിയ അക്കാദമി ഏറ്റവും സക്രിയമായ കാലത്തിലൂടെ കടന്നുപോകുകയാണെന്നും പ്രഭാവർമ്മ പറഞ്ഞു.

മാധ്യമോത്സവത്തിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ എല്ലാ സഹകരണവും ഉണ്ടാവുമെന്ന് ഡയറക്ടർ ടി വി സുഭാഷ് ഐഎഎസ് അറിയിച്ചു.

മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായി 501 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി അനുപമ.ജി.നായർ യോഗത്തിൽ അധ്യക്ഷയായി. കേരള മീഡിയ അക്കാദമി സെക്രട്ടറി അരുൺ.എസ്.എസ് സ്വാഗതം ആശംസിച്ചു. അക്കാദമി ചെയർമാൻ ആർ.എസ്.ബാബു മാധ്യമോത്സവത്തെപ്പറ്റി ലഘുവിവരണം നൽകി. ഐ ആൻഡ് പിആർഡി അഡീഷണൽ ഡയറക്ടർ കെ.ജി.സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ കെ.സുരേഷ് കുമാർ, കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ സി.എൽ.തോമസ്, ദേശാഭിമാനി ന്യൂസ് എഡിറ്റർ സുരേഷ് വെളളിമംഗലം, അക്കാദമി മീഡിയ ക്ലബ്ബ് കോർഡിനേറ്റർ സ്നെമ്യ മാഹിൻ, റേഡിയോ കേരള പ്രോഗ്രാം ഹെഡ് പി എം ലാൽ, ഹേമലത, വിനീത എന്നിവർ യോഗത്തിൽ സംസാരിച്ചു.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും കേരള പത്രപ്രവർത്തക യൂണിയന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മാധ്യമോത്സവത്തിൽ വിപുലമായ പരിപാടികളാണ് ഉദ്ദേശിക്കുന്നതെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അറിയിച്ചു. അന്തർദ്ദേശീയ പ്രശസ്തയായ ആഫ്രിക്കയിൽ നിന്നുളള മാധ്യമപ്രവർത്തക മറിയം ഔഡ്രഗോ, പ്രമുഖ മാധ്യമ സാരഥികളായ കരൺ ഥാപ്പർ, രവീഷ് കുമാർ എന്നിവർ അക്കാദമി നേരത്തേ പ്രഖ്യാപിച്ച മീഡിയ പേഴ്സൺ ഓഫ് ദി ഇയർ ബഹുമതി ഏറ്റുവാങ്ങുന്നതിന് എത്തും.

കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ട്രോഫിക്ക് വേണ്ടിയുളള, ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് നയിക്കുന്ന ക്വിസ്പ്രസ്സും ഇതിനോടൊപ്പം നടക്കും. കേരള മീഡിയ അക്കാദമിയുടെ പൂർവ്വവിദ്യാർത്ഥി സംഗമം, തിരഞ്ഞെടുക്കപ്പെട്ട യുട്യൂബേഴ്‌സിന്റെയും വ്‌ളോഗർമാരുടെയും സംഗമം, ഗാസയിലെ മാധ്യമ രക്തസാക്ഷികൾക്ക് ആദരവേകുന്ന ഫോട്ടോഎക്സിബിഷൻ, ഡിജിറ്റൽ എക്‌സിബിഷൻ തുടങ്ങിയവ ഉണ്ടാകും. ടാഗോർ തിയേറ്റർ, മാനവീയം വീഥി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ എന്നിവിടങ്ങളിലാണ് വേദി.

Share