യൂട്യൂബ്: കാണാനും കണ്ടെത്താനും പുതിയ വഴികൾ – ബാബു രാമചന്ദ്രൻ
അന്താരാഷ്ട്ര മീഡിയ ഫെസ്റ്റിവലിന്റെ ഭാഗമായി, “യൂട്യൂബ് ഡിസ്കോഡിംഗ്: ഡിജിറ്റൽ സ്റ്റോറി ടെല്ലിംഗിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും” എന്ന വർക്ക്‌ഷോപ്പ് ടാഗോർ തീയേറ്ററിലെ അനെക്‌സ് ഹാളിൽ വച്ച് നടന്നു. പ്രശസ്ത യൂട്യൂബറും മാധ്യമപ്രവർത്തകനുമായ ബാബു രാമചന്ദ്രനും റോഷൻ മാത്യുവും ചേർന്നാണ് സെഷൻ നയിച്ചത്.
ഡിജിറ്റൽ മാധ്യമങ്ങൾക്ക് ഇന്ന് ടെലിവിഷനേക്കാൾ വിശാലമായ സാധ്യതകളുണ്ടെന്ന് ബാബു രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. യൂട്യൂബ് വെറും വീഡിയോ പ്ലാറ്റ്ഫോം മാത്രമല്ല; സർച്ച് എഞ്ചിനായും, സോഷ്യൽ നെറ്റ്‌വർക്കായും, റെക്കമെൻഡേഷൻ എഞ്ചിനായും പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രേക്ഷകർ കൂടുതലായി ആശ്രയിക്കുന്ന ബ്രൗസ് ഫീച്ചറുകളുടെ പ്രാധാന്യവും, ജനപ്രിയ കീവേഡുകളുടെ പ്രയോഗവും അദ്ദേഹം വിശദീകരിച്ചു. യൂട്യൂബ് ആരംഭിക്കുന്നവർ അറിയേണ്ട അടിസ്ഥാനങ്ങൾ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, ഉള്ളടക്ക നിർമ്മാണത്തിലെ വൈവിധ്യം, സൃഷ്ടിപരമായ സമീപനങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ വർക്ക്‌ഷോപ്പിൽ ചർച്ചയായി. സെഷന്റെ അവസാനത്തിൽ, പങ്കെടുത്തവരുമായി ചർച്ചകൾ നടന്നു.