Post Image

ഗാസയിലെ യാഥാര്‍ഥ്യങ്ങളുടെ നേര്‍സാക്ഷ്യമായി 'സല്യൂട്ട് ഗാസ' ഫൊട്ടോ എക്‌സിബിഷന്‍

ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള 2025ന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച ‘സല്യൂട്ട് ഗാസ’ ഫൊട്ടോ എക്‌സിബിഷന്‍ പലസ്തീനിലെയും ഗാസയിലെയും മനുഷ്യര്‍ നേരിടുന്ന ക്രൂരതയുടെയും ജീവിതയാഥാര്‍ഥ്യങ്ങളുടെയും നേര്‍സാക്ഷ്യമാകുകയാണ്. റോയ്‌ട്ടേഴ്‌സ്, എഫ്പി, എപി തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിലെ ഫൊട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഗാസയിലെ ഇസ്രയേല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട 300ഓളം മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടാണ് കേരള മീഡിയ അക്കാദമി ഫൊട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.
മിസൈല്‍ ആക്രമണത്തില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടേയും, കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെയും ചിത്രങ്ങള്‍ ഗാസയില്‍ നടക്കുന്ന മനുഷ്യവിരുദ്ധത വിളിച്ചോതുന്നു. റോയ്‌ട്ടേഴ്‌സ് ഫൊട്ടോഗ്രാഫര്‍ മുഹമ്മദ് സലീം പകര്‍ത്തിയ, ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ച കുഞ്ഞിന്റെ പൊതിഞ്ഞുകെട്ടിയ മൃതദേഹം കെട്ടിപ്പിടിച്ചിരിക്കുന്ന വനിതയുടെ ചിത്രം, റോയ്‌ട്ടേഴ്‌സിലെതന്നെ സമര്‍ അബു പകര്‍ത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇരു കൈകളും നഷ്ടപ്പട്ട ഒന്‍പതുവയസുകാരന്റെ ചിത്രം, തുടങ്ങി ലോക പ്രസ് ഫൊട്ടോ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങളടക്കം പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്രയേല്‍ മിസൈലാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലിരുന്ന ഭക്ഷണം പാകം ചെയ്യുന്ന പലസ്തീന്‍ വനിതകളുടെ ചിത്രവും സ്വന്തം നാട്ടില്‍നിന്ന് കൂട്ടത്തോടെ പലായനം ചെയ്യുന്ന പലസ്തീന്‍ ജനതയുടെ ചിത്രവുമെല്ലാം പലസ്തീനിലെ യാഥാര്‍ഥ്യം ലോകത്തോട് വിളിച്ചുപറയുന്നു. അഭയാര്‍ഥി ക്യാംപുകളില്‍ ഭക്ഷണത്തിനുവേണ്ടിയുള്ള തിക്കിലും തിരക്കിലും പെട്ട് നിലവിളിക്കുന്ന കുട്ടികളുടെ ചിത്രം പലസ്തീനികള്‍ നേരിടുന്ന ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു.
ദി റിയല്‍ കേരള സ്റ്റോറി എന്ന പേരില്‍ കേരളത്തിലെ യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറയുന്ന വാര്‍ത്താചിത്രങ്ങളുടെ പ്രദര്‍ശനവും ഇതിനോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. വയനാട് ദുരന്തസമയത്തും കോവിഡ് മഹാമാരിയുടെ സമയത്തും ജാതി,മത വ്യത്യാസങ്ങളില്ലാതെ കേരളജനത ഒരുമിച്ചുനിന്നുവെന്നു വ്യക്തമാക്കുന്ന ചിത്രങ്ങള്‍, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍, സ്മാര്‍ട് സ്‌കൂള്‍, റോഡ് വികസനം, ആരോഗ്യപരിരക്ഷ, ഭവനനിര്‍മ്മാണം, വിഴിഞ്ഞം തുടങ്ങി കേരളം വിവിധ മേഖലകളില്‍ കൈവരിച്ച വികസന നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ എന്നിങ്ങനെ നിരവധി വാര്‍ത്താചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. സ്വന്തം മരണത്തിലും ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ഐസക് ജോര്‍ജ്ജിന് ആദരവര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചിത്രവും പ്രദര്‍ശനത്തിലുണ്ട്.

Share