Post Image

ഭയമില്ലാതെ ചോദ്യങ്ങള്‍ ചോദിക്കൂ- കരണ്‍ ഥാപ്പര്‍

ഭയമില്ലാതെ ചോദ്യങ്ങള്‍ ചോദിക്കൂ എന്നാണ് മാധ്യമവിദ്യാര്‍ഥികളോട് പറയാനുള്ളതെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള 2025ന്റെ ഭാഗമായുള്ള മുഖാമുഖത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നാല് പതിറ്റാണ്ട് നീണ്ട മാധ്യമപ്രവര്‍ത്തനജീവിതത്തിലെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥിരതയും ഉറച്ചനിലപാടും അത്യാവശ്യമാണെന്നും രാഷ്ട്രീയക്കാരുമായുള്ള അതിരറ്റ സൗഹൃദവും ആദരവും അപകടമാണെന്നും അദ്ദേഹം പറഞ്ഞു. Devil’s Advocate, The Last Word തുടങ്ങിയ തന്റെ പ്രശസ്തമായ അഭിമുഖപരിപാടികളുമായി ബന്ധപ്പെട്ട അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. നരേന്ദ്രമോദിയുമായുള്ള അഭിമുഖത്തെക്കുറിച്ചുള്ള ചോദ്യത്തോട് ‘ഞാന്‍ എന്റെ ജോലി ചെയ്തു’ എന്ന് അദ്ദേഹം പ്രതികരിച്ചു. ദ ഹിന്ദു ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജനും മുഖാമുഖത്തില്‍ മോഡറേറ്ററായി.
ഈ കഴിഞ്ഞ ഏഷ്യ കപ്പ് മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം നൽകാതിരുന്നത് അപലപനീയവും, അപക്വവും, ഒരു കായിക താരത്തിന് ചേരാത്തതുമാണെന്ന് കരൺ ഥാപ്പർ അഭിപ്രായപ്പെട്ടു. ഹസ്തദാനം നൽകാൻ കഴിയില്ലായിരുന്നെങ്കിൽ മത്സരം ബഹിഷ്കരിക്കണമായിരുന്നു. ആ മത്സരത്തിലൂടെ ലഭിക്കുന്ന എല്ലാ തരത്തിലുള്ള വരുമാനവും നേടിയെടുത്തതിന് ശേഷം ഇന്ത്യൻ താരങ്ങൾ നടത്തിയ ഈ നീക്കം ക്രിക്കറ്റിനുതന്നെ അപമാനകരമാണെന്നും അവിടെ നടന്നത് ഒരു മത്സരത്തിനുമുപരി ഒരു രാഷ്ട്രീയ നീക്കം ആണെന്നും കൂട്ടിച്ചേർത്തു. ടാഗോർ തീയേറ്ററിൽ നടന്ന ഐ. എം. ഫ്. കെ- യുടെ സെഷനൊടുവിൽ ഒരു മാധ്യമവിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Share

Post Image

സ്ത്രീകളുടെ രാഷ്ട്രീയ സ്വരത്തെ പൊതു സമൂഹം ഭയപ്പെടുന്നു: ബാനു മുഷ്താഖ്

കാക്കനാട്; രാഷ്ട്രീയ സ്വരമുയര്‍ത്തുന്ന സ്ത്രീകളെയും അവരുടെ വ്യത്യസ്തങ്ങളായ ശബ്ദങ്ങളേയും പൊതു സമൂഹം ഭയപ്പെടുന്നു എന്ന് ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ജേതാവും പ്രമുഖ കന്നട എഴുത്തുകാരിയുമായ ബാനു മുഷ്താഖ്. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച സ്‌കോളര്‍ ഇന്‍ കാമ്പസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
യുവ മാധ്യമ പ്രവര്‍ത്തകര്‍ സത്യത്തിനായി അവരുടെ ജീവന്‍ അപകടത്തിലാക്കുന്നുണ്ട്. സത്യം പറയാന്‍ ഭയപ്പെടരുതെന്നും പക്ഷേ സത്യം പറയുമ്പോള്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും ബാനു മുഷ്താഖ് കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ സമൂഹത്തില്‍ മാധ്യമ പ്രവര്‍ത്തനം കുറ്റമല്ല. എന്നാല്‍ ജാതി-ലിംഗ അടിസ്ഥാനത്തിലുള്ള അതിക്രമങ്ങളെ മറയ്ക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി സിദ്ദിഖ് കാപ്പനെപ്പോലെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റുചെയ്യപ്പെടുന്നതും നാം കാണുന്നു. ഇത് നിലവിലുള്ള ദുര്‍ബലമായ മാധ്യമ സ്വാതന്ത്ര്യത്തയും അനീതിക്കു മുന്നില്‍ നിശബ്ദരാകാതിരിക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തത്തെയും ചൂണ്ടിക്കാട്ടുന്നു എന്ന് അവര്‍ പറഞ്ഞു. നിലവിലുള്ള തടസ്സങ്ങള്‍ മറികടന്ന് അസത്യത്തിനും അനീതിക്കുമെതിരെ  നിലകൊള്ളുന്ന വനിതാ – ദളിത് മാധ്യമ പ്രവര്‍ത്തകരില്‍ താന്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ കാണുന്നുണ്ടെന്നും ബാനു മുഷ്താഖ് പറഞ്ഞു. തന്റെ കാഴ്ചപ്പാടില്‍ സാഹിത്യപ്രവര്‍ത്തനം എന്നത് വെറും കഥ പറച്ചിലല്ലെന്നും സമൂഹത്തെ യഥാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണതെന്നും അവര്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷനായ ചടങ്ങില്‍ ദ ഹിന്ദു മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജന്‍  ബാനു മുഷ്താഖുമായി അഭിമുഖ സംഭാഷണം നടത്തി.
തന്റെ പത്രപ്രവര്‍ത്തന കാലഘട്ടത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ച ബാനു മുഷ്താഖ് കൊല ചെയ്യപ്പെട്ട പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് തന്റെ മാധ്യമ ജീവിതത്തിന് ഉള്‍ക്കാഴ്ച നല്‍കിയ വ്യക്തികളില്‍ ഒരാളായിരുന്നുവെന്ന് സൂചിപ്പിച്ചു. ദീര്‍ഘകാലത്തെ കന്നഡ പത്രപ്രവര്‍ത്തന പശ്ചാത്തലം തന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു നല്‍കിയെന്നും അവര്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ബാനു മുഷ്താഖിന്റെ കഥകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയ പ്രശസ്ത വിവര്‍ത്തകന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍,          കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി, കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സി.എല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Share