Post Image

ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുതള്ളുന്ന യുദ്ധഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന അമ്മയെ അധിക്ഷേപിക്കുന്ന മനോനിലയിലേക്ക് മലയാളി മാറരുതെന്ന് മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുതള്ളുന്ന യുദ്ധഭീകരതയ്‌ക്കെതിരെ
പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കുന്ന മനോനിലയിലേക്ക് മലയാളി മാറരുതെന്ന് കൃഷി മന്ത്രി പി.പ്രസാദ്. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള(ഐഎംഎഫ്‌കെ)യുടെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ സ്‌പൈസസ് ബോർഡ് അസി.ഡയറക്ടർ ഡോ.വി.ശ്രീകുമാർ രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ‘ഫാം ജേണലിസം ഇന്നലെ ഇന്ന് നാളെ’ എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. ഗാസയിൽ കുഞ്ഞുങ്ങൾ ഭക്ഷണം കിട്ടാതെ വലയുകയും കരയുകയും ചെയ്യുമ്പോൾ അവർക്കായി കണ്ണീരൊഴുക്കുന്ന, രാജ്യം ആദരിക്കുന്ന ഒരു അധ്യാപികയെ, അമ്മയെ ആക്ഷേപിക്കാനും അസഭ്യവാക്കുകൾ ചൊരിയാനും കേരളത്തിൽ ആളുണ്ട് എന്ന് പറയുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ യുദ്ധത്തെ മഹത്തരമാക്കരുത്. മഹായുദ്ധം എന്ന് പറയരുത്. യുദ്ധം മഹത്തരമല്ല.മണ്ണിലേക്കും അടുക്കളയിലേക്കും വഴിവെട്ടുന്നതായിരിക്കണം ആധുനിക കാല മാധ്യമ പ്രവർത്തനം.ബോംബല്ല ഭക്ഷണമാണ് നമ്മൾ ഉണ്ടാക്കേണ്ടത്. യുദ്ധത്തിനെതിരായ മുദ്രാവാക്യവും കൃഷിയും കൂട്ടിയിണക്കിയ ഈ പരിപാടി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘മീഡിയ ഫോർ ട്രൂത്ത്, മീഡിയ ഫോർ പീസ്’ എന്ന മുദ്രാവാക്യമാണ് ഐഎംഎഫ്‌കെ
ഉയർത്തുന്നത്. ഒപ്പം കേരള റിയൽ സ്റ്റോറി എന്ന എക്‌സിബിഷനും അനുബന്ധപരിപാടികളും നടത്തുന്നുണ്ട്. ഈ മുദ്രാവാക്യങ്ങളുമായി പ്രത്യക്ഷമായും പരോക്ഷമായും താദാത്മ്യം പ്രാപിക്കുന്ന രചനയാണ് ഡോ.വി.ശ്രീകുമാറിന്റെ പുസ്തകമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. അക്കാദമി സെക്രട്ടറി അരുൺ എസ് എസ് സ്വാഗതം പറഞ്ഞു.പ്രമുഖ ഫാം ജേണലിസ്റ്റ് മുരളീധരൻ തഴക്കര പുസ്തകപരിചയം നിർവ്വഹിച്ചു. കാർഷികവിജ്ഞാനവ്യാപനരംഗത്തെ അതികായനും കൃഷി വകുപ്പ് ഡയറക്ടറുമായിരുന്ന ആർ.ഹേലിയുടെ പുത്രനും സംസ്ഥാന ചീഫ് ഠൗൺപ്‌ളാനറുമായിരുന്ന പ്രശാന്ത് ഹേലി പുസ്തകത്തിന്റ ആദ്യപ്രതി ഏറ്റുവാങ്ങി. പുസ്തകരചയിതാവ് ഡോ.വി.ശ്രീകുമാർ, ദേശാഭിമാനി ന്യൂസ് എഡിറ്റർ സുരേഷ് വെളളിമംഗലം,കെ.യു.ഡബ്ലിയു ജെ സെക്രട്ടറി അഭിജിത്ത്, അക്കാദമിയുടെ ഫോട്ടോജേണലിസം കോഴ്‌സ് കോർഡിനേറ്റർ ബി.ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.

Share