Post Image

രാജ്‌ദീപ് സര്‍ദേശായിക്ക് ഇന്ത്യൻ മീഡിയ പേഴ്‌സണ്‍ പുരസ്‌കാരം

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 2024-25ലെ ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡ് രാജ്‌ദീപ് സര്‍ദേശായിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും 2025 സെപ്തംബര്‍ 30 ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള 2025 ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു.

തോമസ് ജേക്കബ്, ഡോ.സെബാസ്റ്റ്യന്‍ പോള്‍, ഡോ.മീന.ടി.പിളള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. എന്‍.റാം ബര്‍ഖ ദത്ത്, കരണ്‍ ഥാപ്പര്‍, രവീഷ് കുമാര്‍ എന്നിവരാണ് പോയവര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം നേടിയത്.

‘2014: ദി ഇലക്ഷന്‍ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ’ എന്ന ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിന്റെ രചയിതാവും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമാണ് രാജ്‌ദീപ് സര്‍ദേശായി. നിലവില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ്. അച്ചടി, ടിവി മേഖലകളില്‍ 26 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയമുള്ള സര്‍ദേശായി, എന്‍ഡിടിവി നെറ്റ്വര്‍ക്കിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. പിന്നീട് സിഎന്‍എന്‍ ഐബിഎന്‍ പോലുള്ള ചാനലുകളുമായി ചേര്‍ന്ന് ഐബിഎന്‍ 18 നെറ്റ്വര്‍ക്ക് സ്ഥാപിച്ചു. 26 വയസ്സുള്ളപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയിലാണ് സര്‍ദേശായി തന്റെ മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ പതിപ്പിന്റെ സിറ്റി എഡിറ്ററായിരുന്നു.

ഇന്ത്യയിലെ മുന്‍നിര രാഷ്ട്രീയകാര്യ റിപ്പോര്‍ട്ടറായി സര്‍ദേശായി ഖ്യാതി നേടി. പത്രപ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2008-ല്‍ പത്മശ്രീ പുര്സകാരം, 2002-ലെ ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്തതിന് ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അവാര്‍ഡ്, 2007-ല്‍ രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ഇന്‍ ജേണലിസം അവാര്‍ഡ് . 2014-ലെ പൊതുതെരഞ്ഞെടുപ്പ് മികച്ചരീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യയിലെ ഏറ്റവും മികച്ച വാര്‍ത്താ അവതാരകനുള്ള 2014-ലെ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

Share