ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ വെടിയുണ്ടകളല്ല, പകരം കിട്ടുന്നത് രാജ്യദ്രോഹക്കുറ്റത്തിനുള്ള ജയിൽ: മന്ത്രി എം ബി രാജേഷ്
ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ വെടിയുണ്ടകളല്ല, പകരം കിട്ടുക രാജ്യദ്രോഹക്കുറ്റത്തിനുള്ള ജയിലാണെന്നതാണ് പുതിയ ദേശീയ ഭരണരീതിയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഫാസിസ്റ്റുകളെ എതിർക്കുന്നവരെ വരിനിർത്തി വെടിവെച്ചുകൊല്ലാൻ സാധിക്കാത്തതിനു പകരം രാജ്യദ്രോഹക്കുറ്റം ചുമത്തുക എന്നതാണ് പുതിയ തന്ത്രം. വെടി വെച്ചുകൊല്ലുന്നതിലേക്ക് എത്താൻ അധികം ദൂരമില്ല. മാധ്യമപ്രവർത്തകരായ കരൺഥാപ്പറിന്റെയും സിദ്ധാർത്ഥ് വരദരാജന്റെയും മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ വാർത്തയെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. പലസ്തീനിൽ ഇസ്രായേൽ നടത്തിയ മനുഷ്യത്വരഹിതമായ യുദ്ധത്തിൽ ധീരരക്തസാക്ഷികളായ 270 മാധ്യമപ്രവർത്തകർക്ക് ആദരമർപ്പിച്ച് കേരള മീഡിയ അക്കാദമി സീനിയർ ജേർണലിസ്റ്റ് ഫോറവുമായി സഹകരിച്ച് സംഘടിപ്പിച്ച ഫോട്ടോ എക്സിബിഷൻ ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീനിയർ ജേർണലിസ്റ്റുകളുടെ ദേശീയസമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോ പ്രദർശനം.
ഗാസയിൽ മാധ്യമപ്രവർത്തകരെ ടാർഗറ്റ് ചെയ്തു കൊലപ്പെടുത്തുകയാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സമ്മതിച്ചുകഴിഞ്ഞു. പത്രപ്രവർത്തകരെ ലക്ഷ്യമിടുക എന്നാൽ വ്യക്തികളെ മാത്രമല്ല മാധ്യമസ്വാതന്ത്ര്യം ഹനിക്കുക എന്നതാണ്. ഇന്ത്യയിൽ ഒരു മാധ്യമസ്വാതന്ത്യ സൂചിക ഉണ്ടാവുകയാണെങ്കിൽ അതിൽ ഒന്നാമതെത്തുക കേരളമാണ്. ഇന്ത്യയിലും ഗാസയിലും മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടി വന്നതൊന്നും കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടിവരുന്നില്ല. എന്നാൽ സാർവ്വദേശീയമായും ദേശീയവുമായുള്ള സ്ഥിതി തുടർന്നാൽ അതിന്റെ ദുരന്തം എല്ലാ മാധ്യമപ്രവർത്തകരും നേരിടേണ്ടിവരും. ഇന്ത്യയിൽ കഴിഞ്ഞ കുറേ നാളുകളായി രൂപയുടെ മൂല്യവും മാധ്യമസ്വാതന്ത്യസൂചികയിലെ സ്ഥാനവുമാണ് ഏറ്റവും കൂടുതലായി താഴേക്ക് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാ മാനുഷികമൂല്യങ്ങളുടെയും മനുഷ്യത്വത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും ശവപ്പറമ്പായി ഗാസ മാറിക്കഴിഞ്ഞു. ജർമ്മനിയിലെ ജൂതരുടെ വംശഹത്യയ്ക്ക് ശേഷം മനുഷ്യരാശിക്കെതിരായുള്ള കുറ്റത്തിന് വിചാരണ ചെയ്യപ്പെടാൻ പോകുന്ന വംശഹത്യയാണ് ഗാസയിലേത്. വംശഹത്യയുടെ പ്രാകൃതരൂപമായ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുക എന്ന ഫാസിസത്തിന്റെ പുതിയ രൂപത്തിലുള്ള തന്ത്രമാണ് ഗാസയിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ഈ പ്രദർശനത്തിൽ സംസാരിക്കുന്ന ചിത്രങ്ങളാണുള്ളതെന്നും അവ കേരള മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണെന്നും കേരളത്തിൽ കഴിയാവുന്നത്ര സ്ഥലങ്ങളിൽ ഈ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, സീനിയർ ജേർണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം, സീനിയർ ജേർണലിസ്റ്റ്സ് ഫോറം രക്ഷാധികാരി എ മാധവൻ, ജില്ലാ പ്രസിഡന്റ് എം. സരിത വർമ്മ, സീനിയർ ജേർണലിസ്റ്റ് ഫോറം സമ്മേളനം സ്വാഗത സംഘം ചെയർമാൻ ജോൺ മുണ്ടക്കയം, സീനിയർ ഫോട്ടോ ജേർണലിസ്റ്റ് ബി ജയചന്ദ്രൻ, തിരുവനന്തപുരം പ്രസ്ക്ലബ്ബ് പ്രസിഡന്റ് പ്രവീൺ പി ആർ, മുൻ രാജ്യസഭാംഗം എം പി അച്യുതൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ ജേർണലിസ്റ്റ് ഫോറം ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ സ്വാഗതവും സീനിയർ ഫോട്ടോജേർണലിസ്റ്റ് പി. മുസ്തഫ നന്ദിയും പറഞ്ഞു.

