ക്വിസ് പ്രസ്സ് വിജയികൾക്ക് സമ്മാനം നൽകി അടൂർ ഗോപാലകൃഷ്ണൻ
രാജ്യാന്തര മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഭാഗമായി കേരള മീഡിയ അക്കാദമി ഹയർസെക്കൻഡറി-കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതല പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ഓർമ്മ ശക്തിയും വിശകലന പാടവവും കൊണ്ട് ശ്രദ്ധേയനായ ജി.എസ് പ്രദീപ് ആയിരുന്നു ക്വിസ് മാസ്റ്റർ.
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വെച്ച് നടന്ന മത്സരത്തിന്റെ ആദ്യഘട്ടത്തിൽ നിന്ന് ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് യു.സി കോളേജ് ആലുവ, ജി.എം.ബി.എ.എസ്. എസ് ആറ്റിങ്ങൽ, യൂണിവേഴ്സിറ്റി ഓഫ് കേരള, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, എൻ.എസ്. എസ്.എച്ച്.എസ്.എസ് മടവൂർ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച വിദ്യാർത്ഥികളായിരുന്നു.
മത്സരത്തിന്റെ അവസാന ഘട്ടത്തിൽ വിജയികളായത് മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥികളായ അശ്വിൻ വി.ജെ, ആദിത്യൻ സി.എം എന്നിവരാണ്. വിജയികൾക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നൽകി. രണ്ടാം സ്ഥാനം കൈവരിച്ച യു.സി കോളേജിന് 60,000 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനം എത്തിയ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ കോമേഴ്‌സ് ഡിപ്പാർട്മെന്റിന് 30,000 രൂപയും ട്രോഫിയും ലഭിച്ചു. കെ യു ഡബ്ല്യൂ ജെ സെക്രട്ടറി ബി.അഭിജിത്ത് ക്വിസ് പ്രസിന് ആശംസകൾ നേർന്നു. “തോറ്റവർ ചിലപ്പോഴൊക്കെ ജയിച്ചവരേക്കാൾ മികച്ചവരാണ് “എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ജി.എസ് പ്രദീപ് പരിപാടി അവസാനിപ്പിച്ചത്.