ഭയമില്ലാതെ ചോദ്യങ്ങള്‍ ചോദിക്കൂ- കരണ്‍ ഥാപ്പര്‍
ഭയമില്ലാതെ ചോദ്യങ്ങള്‍ ചോദിക്കൂ എന്നാണ് മാധ്യമവിദ്യാര്‍ഥികളോട് പറയാനുള്ളതെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള 2025ന്റെ ഭാഗമായുള്ള മുഖാമുഖത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നാല് പതിറ്റാണ്ട് നീണ്ട മാധ്യമപ്രവര്‍ത്തനജീവിതത്തിലെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ഥിരതയും ഉറച്ചനിലപാടും അത്യാവശ്യമാണെന്നും രാഷ്ട്രീയക്കാരുമായുള്ള അതിരറ്റ സൗഹൃദവും ആദരവും അപകടമാണെന്നും അദ്ദേഹം പറഞ്ഞു. Devil’s Advocate, The Last Word തുടങ്ങിയ തന്റെ പ്രശസ്തമായ അഭിമുഖപരിപാടികളുമായി ബന്ധപ്പെട്ട അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. നരേന്ദ്രമോദിയുമായുള്ള അഭിമുഖത്തെക്കുറിച്ചുള്ള ചോദ്യത്തോട് ‘ഞാന്‍ എന്റെ ജോലി ചെയ്തു’ എന്ന് അദ്ദേഹം പ്രതികരിച്ചു. ദ ഹിന്ദു ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജനും മുഖാമുഖത്തില്‍ മോഡറേറ്ററായി.
ഈ കഴിഞ്ഞ ഏഷ്യ കപ്പ് മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം നൽകാതിരുന്നത് അപലപനീയവും, അപക്വവും, ഒരു കായിക താരത്തിന് ചേരാത്തതുമാണെന്ന് കരൺ ഥാപ്പർ അഭിപ്രായപ്പെട്ടു. ഹസ്തദാനം നൽകാൻ കഴിയില്ലായിരുന്നെങ്കിൽ മത്സരം ബഹിഷ്കരിക്കണമായിരുന്നു. ആ മത്സരത്തിലൂടെ ലഭിക്കുന്ന എല്ലാ തരത്തിലുള്ള വരുമാനവും നേടിയെടുത്തതിന് ശേഷം ഇന്ത്യൻ താരങ്ങൾ നടത്തിയ ഈ നീക്കം ക്രിക്കറ്റിനുതന്നെ അപമാനകരമാണെന്നും അവിടെ നടന്നത് ഒരു മത്സരത്തിനുമുപരി ഒരു രാഷ്ട്രീയ നീക്കം ആണെന്നും കൂട്ടിച്ചേർത്തു. ടാഗോർ തീയേറ്ററിൽ നടന്ന ഐ. എം. ഫ്. കെ- യുടെ സെഷനൊടുവിൽ ഒരു മാധ്യമവിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.