ഫാക്റ്റ് ചെക്കിംഗ് ഏറെ നിർണായകം: മുഹമ്മദ് സുബൈർ
IMFK യുടെ രണ്ടാം ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന “ആക്സിഡന്റൽ ജേർണലിസം” എന്ന സെഷനിൽ ഫാക്റ്റ് ചെക്കിംഗിന്റെ പ്രാധാന്യം, കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ, കൂടാതെ അന്വേഷണ മാധ്യമപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ പ്രധാനവിഷയങ്ങളായി കടന്നുവന്നു.
ആൾട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറും അന്വേഷണ മാധ്യമപ്രവർത്തകൻ രവി നായറും മുഖ്യാതിഥികളായിരുന്നു. പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എൻ പി ഉല്ലേഖ് ചര്‍ച്ചക്ക് നേതൃത്വം നൽകി. സംഭാഷണത്തിനിടെ, തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പൊതുജനാഭിപ്രായത്തെ ബാധിക്കുന്ന കാലഘട്ടത്തിൽ ഫാക്റ്റ് ചെക്കിംഗ് ഏറെ നിർണായകമാണെന്ന് മുഹമ്മദ് സുബൈർ പറഞ്ഞു.
“ഭരണകൂടത്തിന്റെ നയങ്ങളിലും പദ്ധതികളിലും പല വിടവുകളുമുണ്ട്. അതു പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകർ പലപ്പോഴും ഭീഷണിയും സമ്മർദ്ദവും നേരിടേണ്ടി വരുന്നു.” എന്ന് രവി നായർ അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾ രാഷ്ട്രീയ ധ്രുവീകരണത്തിന്റെയും കോർപ്പറേറ്റ് സ്വാധീനത്തിന്റെയും പശ്ചാത്തലത്തിൽ കാര്യമായ സമ്മർദ്ദം അനുഭവിക്കുന്നുവെന്ന് ഉല്ലേഖ് ചൂണ്ടിക്കാട്ടി. ഇത്തരം സംവാദങ്ങൾ മാധ്യമങ്ങളുടെ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തുന്നവയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.