ദക്ഷിണേന്ത്യയിലെ മാധ്യമപ്രവർത്തകർ വ്യത്യസ്ത സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നു: കെ.കെ.ഷാഹിന
നോർത്ത് ഇന്ത്യയെ അപേക്ഷിച്ച് കേരളത്തിലെ മാധ്യമപ്രവർത്തകർ വ്യത്യസ്ത സാഹചര്യത്തിൽ ജോലി ചെയ്യുന്നവരാണ് എന്ന് പ്രമുഖ മാധ്യമപ്രവർത്തക കെ.കെ ഷാഹിന. ഇൻ്റർനാഷണൽ മീഡിയ ഫെസ്റ്റിവലിൻ്റെ ഭാഗമായി നടന്ന “മിററിംഗ് ദി ട്രൂത്ത്” എന്ന പാനൽ ഡിസ്കഷനിൽ സംസാരിക്കുകയായിരുന്നു കെ.കെ ഷാഹിന. ദേശാഭിമാനി എഡിറ്റർ എൻ.എസ് സജിത്ത് ആണ് ചർച്ച നിയന്ത്രിച്ചത്. കേരളത്തിൽ ഒരു വാർത്തയും മറച്ചു വയ്ക്കാനാവില്ല, എന്നാൽ നോർത്ത് ഇന്ത്യയിൽ മൂടിവയ്ക്കപ്പെടുന്നുണ്ട്. ഇലക്ടറൽ ബോണ്ട് പോലുള്ള അഴിമതികൾ പുറത്ത് കൊണ്ടുവന്നത് പ്രമുഖ മാധ്യമങ്ങളല്ല ന്യൂമീഡിയ ആണെന്നും അവർ അഭിപ്രായപ്പെട്ടു.
ഇക്കാലത്ത് പത്രപ്രവർത്തനം വളരെ അപകടമേറിയതാണെന്നും, മാധ്യമപ്രവർത്തകർ സ്വന്തം ജീവൻ പോലും നൽകേണ്ട അവസ്ഥയുണ്ടാവുന്നു എന്നും ചർച്ചയിൽ പങ്കെടുത്ത പ്രമുഖ മാധ്യമപ്രവർത്തക പുഷ്പ രോക്ഡെ പറഞ്ഞു. മാധ്യമ പ്രവർത്തകൻ മുകേഷ് ചന്ദ്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവർ. സത്യസന്ധമായ മാധ്യമപ്രവർത്തനം നടത്തുന്നതിന് അധികാരികളിൽ നിന്നും നിയമപാലകരിൽ നിന്നും ബുദ്ധിമുട്ട് നേരിടുന്നെങ്കിൽ ധൈര്യപൂർവം കോടതിയെ സമീപിക്കണമെന്നും പോരാട്ടം നടത്തണമെന്നും രോക്ഡെ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു