കേരള മീഡിയ അക്കാദമി മാധ്യമ അവാർഡുകൾ സമ്മാനിച്ചു
അന്താരാഷ്ട്ര മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള വേദിയിൽ മാധ്യമരംഗത്തെ മികച്ച സേവനത്തിന് കേരള മീഡിയ അക്കാദമിയുടെ അംഗീകാരം. ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച പ്രൊഫ കെ വി തോമസ് “മാധ്യമരംഗത്ത് സ്വതന്ത്രമായ ഇടപെടലുകൾ നടത്തി സമൂഹത്തിന് പ്രതിബദ്ധമായ സംഭാവനകൾ നൽകുന്ന സ്ഥാപനമാണ് കേരള മീഡിയ അക്കാദമി” എന്ന് ചൂണ്ടിക്കാട്ടി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എസ് എസ് അരുൺ സ്വാഗതം ആശംസിച്ചു.
ഈ വർഷത്തെ അവാർഡ് ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ മാധ്യമരംഗത്തെ മുതിർന്ന പത്രപ്രവർത്തകനായ തോമസ് ജേക്കബ് സമ്മാനിച്ചു. മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരൻ നമ്പ്യാർ അവാർഡ് മാധ്യമം ജോയിന്റ് എഡിറ്റർ പി ഐ നൗഷാദിനും, എൻ എൻ സത്യവ്രതൻ അവാർഡ് ജനയുഗം ഇടുക്കി ബ്യൂറോ ആർ സാംബനും, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് മാതൃഭൂമി ദിനപത്രം സീനിയർ കറസ്പോണ്ടന്റ് നീനു മോഹനും ലഭിച്ചു. ദൃശ്യമാധ്യമ പ്രവർത്തനത്തിനുള്ള അവാർഡ് മാതൃഭൂമി ന്യൂസ് അസോസിയേറ്റ് എഡിറ്റർ ബിജു പങ്കജിനും, ഫോട്ടോഗ്രാഫി അവാർഡ് മലയാള മനോരമ കണ്ണൂർ ഫോട്ടോഗ്രാഫർ ജിതിൻ ജോയൽ ഹാരിമിനും, മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ മൂർക്കന്നൂർ നാരായണൻ അവാർഡ് മലയാള മനോരമ പൊന്നാനി ലേഖകൻ ജിബീഷ് വൈലിപ്പാട്ടിനും ലഭിച്ചു. മാതൃഭൂമി ന്യൂസിലെ സൗമ്യ കെ.ആർ. മീഡിയ അക്കാദമിയുടെ സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് അർഹയായി.