ഹോം ലീഡേഴ്‌സ് ടോക്ക്

ലീഡേഴ്‌സ് ടോക്ക്

ആർ. എസ്. ബാബു

ചെയർമാൻ


മാർക്ക് ടളി: ഇന്ത്യയുടെ ലോകജാലകമായിരുന്ന മാധ്യമ സാരഥി

മാർക്ക് ടളി യാത്രയായി. മറഞ്ഞത് ഒരു മാധ്യമയുഗം. ഇന്ത്യാക്കാരേക്കാൾ ഇന്ത്യയെ അറിയുകയും അത് ലോകത്തെ അറിയിക്കുകയും ചെയ്ത ബ്രിട്ടീഷ് പൗരൻ. 1935ൽ കൊൽക്കത്തയിലെ ടോളിഗഞ്ചിൽ ബ്രിട്ടീഷ് മാതാപിതാക്കളുടെ മകനായി ജനിച്ച മാർക്ക് വിദ്യാഭ്യാസം പൂർത്തിയാക്കിയത് ബ്രിട്ടനിലാണ്. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ദൈവശാസ്ത്ര കോഴ്‌സ് പഠിച്ചെങ്കിലും പുരോഹിതനാകാനുളള പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു.

1964ൽ ബിബിസി ലേഖകനായി ഡൽഹിയിലെത്തിയതോടെ സംഭവബഹുലമായ മാധ്യമപ്രവർത്തനത്തിന് വഴിതുറന്നു. പിന്നീട് ഇന്ത്യയ്ക്ക് േലാകവും ലോകത്തിന് ഇന്ത്യയും കാണാനുളള ചില്ലുജാലകമായി മാർക്ക് മാറി. നിരോധിക്കപ്പെട്ടതും തടഞ്ഞുവച്ചതുമായ വാർത്ത ലോകമറിഞ്ഞത് മാർക്ക് ടളിയിലുടെയാണ്. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട വിവരം കൊൽക്കത്തയിലായിരുന്ന രാജീവ് ഗാന്ധിയോട് മറച്ചുവച്ച് അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് പറഞ്ഞപ്പോൾ ഞാൻ ബിബിസിയിലെ മാർക്ക് ടളിയിൽ നിന്നും വിവരം അറിഞ്ഞുകഴിഞ്ഞു എന്ന മറുപടിയാണ് രാജീവ് നൽകിയത്. ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിന്റെ നേർസാക്ഷ്യമായിരുന്നു മാർക്ക്.

ബംഗ്ലാദേശ് വിമോചനയുദ്ധം, അടിയന്തരാവസ്ഥ, ഓപ്പറേഷൻ ബ്ലൂസ്റ്റാർ, സിഖ് വിരുദ്ധ കലാപം, രാജീവ് ഗാന്ധി വധം, ബാബ്‌റി മസ്ജിദ് തകർക്കൽ ഇതെല്ലാം നേരോടെ ടളി വിശ്വമാകെ എത്തിച്ചു. അടിയന്തരാവസ്ഥാ പ്രഖ്യാപന വാർത്ത ഇന്ത്യയിൽ തടഞ്ഞുവച്ചപ്പോൾ അത് ലോകത്തെ ധരിപ്പിച്ചത് ബിബിസിയിലൂടെ ടളിയാണ്. അതേത്തുടർന്ന് ബ്രിട്ടനിലേക്ക് നാടുകടത്തി. അതിനുമുമ്പ് ഫാന്റം ഇന്ത്യ സംപ്രേഷണം ചെയ്തതിന് ശിക്ഷയായി 1969ൽ ലണ്ടനിലേക്ക് വിമാനംകയറ്റി വിട്ടിരുന്നു. 1971ൽ തിരിച്ചെത്തിയത് ദക്ഷിണേഷ്യൻ മേഖലയുടെ ആകെ ചുമതലയുളള ബിബിസിയുടെ ഇന്ത്യൻ ബ്യൂറോചീഫായിട്ടായിരുന്നു. ബിബിസി റേഡിയോ ഒരു കാലത്ത് ഇന്ത്യാക്കാർ കേട്ടത് മാർക്കിന്റെ സ്വരത്തിലാണ്. ആശയപരമായ ഏറ്റുമുട്ടലിനെ തുടർന്ന് ബിബിസിയിൽ നിന്ന് പടിയിറങ്ങാനും മടിച്ചില്ല. അവിടെ നിന്നും സ്വയംവിരമിച്ച ശേഷം സ്വതന്ത്ര പത്രപ്രവർത്തകനായിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇനിയും പത്രപ്രവർത്തകനാകണം എന്ന വികാരത്തിനുടമയായിരുന്നു അദ്ദേഹം. പത്മശ്രീയും പത്മഭൂഷണും നൽകി ഇന്ത്യ ആദരിച്ചപ്പോൾ ബ്രിട്ടനും പരമോന്നത ബഹുമതികൾ അദ്ദേഹത്തിന് സമർപ്പിച്ചിട്ടുണ്ട്.

മാധ്യമലോകത്തെ യുഗപുരുഷനെയാണ് മാർക്ക് ടളിയുടെ വേർപാടിലൂടെ നഷ്ടമായത്. കേരള മീഡിയ അക്കാദമിയുടെ പ്രണാമം.

ആർ.എസ്.ബാബു
ചെയർമാൻ
കേരള മീഡിയ അക്കാദമി