ഹോം ലീഡേഴ്‌സ് ടോക്ക്

ലീഡേഴ്‌സ് ടോക്ക്

ആർ. എസ്. ബാബു

ചെയർമാൻ


കെ.ഗോവിന്ദൻകുട്ടി: ഇന്ത്യൻ പത്രലോകത്തെ വിസ്മയം

ഇന്ത്യൻ പത്രപ്രവർത്തന ചരിത്രത്തിലെ വിസ്മയകരമായ ഒരു അധ്യായത്തിനാണ് കെ.ഗോവിന്ദൻകുട്ടിയുടെ വിയോഗത്തിലൂടെ തിരശ്ശീല വീണിരിക്കുന്നത്‌.

ഇന്ത്യൻ എക്‌സ്പ്രസിന്റെ തിരുവനന്തപുരം ബ്യൂറോചീഫ്, ആകാശവാണിയുടെ വാർത്താവിഭാഗം പ്രതിനിധി എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ അതുല്യമാണ്. കക്കി വനം കുംഭകോണം പുറത്തുകൊണ്ടുവരികയും അതിന്മേൽ നിയമസഭയിൽ കോളിളക്കമുണ്ടാവുകയും ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുകയും ചെയ്തത് ഗോവിന്ദൻകുട്ടിയുടെ റിപ്പോർട്ടിലൂടെയാണ്.

മറ്റാർക്കും കിട്ടാത്ത അദ്ദേഹത്തിന്റെ രാഷ്ട്രീയ റിപ്പോർട്ടുകൾ ആ ഘട്ടങ്ങളിൽ വലിയ പ്രതികരണങ്ങൾ സൃഷ്ടിച്ചിരുന്നു. പത്രസമ്മേളനങ്ങളിൽ ഗൗരവപൂർവ്വം പങ്കെടുക്കുന്ന അദ്ദേഹം ഒരു വരി പോലും കുറിച്ചെടുക്കാതെ മനസ്സിൽ പകർത്തി അത് പിശകുകൾ കൂടാതെ റിപ്പോർട്ടു ചെയ്തിരുന്നു. 1977ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി സഞ്ചരിച്ച വിമാനം തകർന്നപ്പോൾ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന ആകാശവാണി ഡൽഹി ലേഖകനായിരുന്ന ഗോവിന്ദൻകുട്ടിയാണ്, പൈലറ്റടക്കം അഞ്ചുപേർ മരിക്കുകയും പ്രധാനമന്ത്രി ഉൾപ്പെടെ രക്ഷപ്പെടുകയും ചെയ്ത അപകടം ലോകത്തെ ആദ്യമായി അറിയിച്ചത്.

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് പുതിയ മാനങ്ങൾ നൽകിയ ഗോവിന്ദൻകുട്ടി സങ്കീർണ്ണമായ രാഷ്ട്രീയ സംഭവവികാസങ്ങളെ ലളിതവും എന്നാൽ മൂർച്ചയുളളതുമായ ഭാഷയിൽ വിശകലനം ചെയ്യുന്നതിൽ അദ്വിതീയനായിരുന്നു. കെ.കരുണാകരൻ, ബിസ്‌കറ്റ് രാജാവ് രാജൻപിളള, ടി.എൻ.ശേഷൻ എന്നിവരെപ്പറ്റി ജീവചരിത്രപുസ്തകങ്ങൾ പ്രസിദ്ധീകരിച്ച എഴുത്തുകാരനുമായിരുന്നു. വാർത്താശേഖരണത്തിലും റിപ്പോർട്ടിംഗിലും ഗോവിന്ദൻകുട്ടി പുലർത്തിയ നിഷ്‌കർഷയും ധൈര്യവും മാധ്യമപ്രവർത്തകർക്ക് എക്കാലവും പാഠപുസ്തകമാണ്‌.

കെ ഗോവിന്ദൻകുട്ടിയുടെ നിര്യാണത്തിൽ കേരള മീഡിയ അക്കാദമിയുടെ അനുശോചനം രേഖപ്പെടുത്തുന്നു.