ഹോം ലീഡേഴ്‌സ് ടോക്ക്

ലീഡേഴ്‌സ് ടോക്ക്

ആർ. എസ്. ബാബു

ചെയർമാൻ


ടി ജെ എസ് ജോർജിൻ്റെ വേർപാടിൽ കേരള മീഡിയ അക്കാദമിയുടെ അനുശോചനം

ഇന്ത്യൻ മാധ്യമ ലോകത്തിന്റെ മേൽവിലാസമാണ് ടി ജെ എസ് ജോർജിന്റെ വേർപാടിലൂടെ മാഞ്ഞു പോകുന്നത്‌.
ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ട് പത്രപ്രവർത്തനം നടത്തിയ അദ്ദേഹം മതനിരപേക്ഷ മാധ്യമപ്രവർത്തനത്തിന്റെ എക്കാലത്തെയും അടയാള മുദ്രയാണ്. ഭരണകൂട അഴിമതിക്കും അനീതിക്കുമെതിരെ ധീരമായി പോരാടിയ ചരിത്രത്തിനുടമയാണ് .
ബീഹാറിലെ അഴിമതിഭരണത്തിനെതിരെ ‘സെർച്ച് ലൈറ്റിനെ’ തീപ്പന്തമാക്കിയപ്പോൾ പത്രാധിപരായിരുന്ന ടി ജെ എസിനെ സർക്കാർ ജയിലിൽ അടച്ചു. അന്ന് അദ്ദേഹത്തിനുവേണ്ടി പോരാട്ടം നടത്തിയ മുൻ പ്രതിരോധമന്ത്രി വി കെ കൃഷ്ണമേനോനെപ്പറ്റി പിൽക്കാലത്ത് ജീവചരിത്രം രചിച്ചു. നർഗീസ്, എം എസ് സുബ്ബലക്ഷ്മി, പോത്തൻ ജോസഫ് തുടങ്ങിയവരുടെ ജീവചരിത്രത്തിനും ആ തൂലിക പിറവിയേകി. തന്റെ മാധ്യമപ്രവർത്തന അനുഭവവും പരിചയമുഖങ്ങളും ഉൾക്കൊള്ളുന്ന 'ഘോഷയാത്ര' എന്ന പുസ്തകം എന്നും വായിക്കപ്പെടുന്ന കൃതിയാണ്.
ഹോങ്കോങ്ങിൽ നിന്നും പ്രസിദ്ധീകരിച്ച ഏഷ്യാ വീക്കിൻ്റെ സ്ഥാപക പത്രാധിപരായിരുന്നു. അന്ന് ന്യൂസ് വീക്കിനെ കടത്തിവെട്ടുന്ന പ്രചാരത്തിലേക്ക് ആ പ്രസിദ്ധീകരണം വളർന്നു. അതിൽ തെളിഞ്ഞത് ആ പത്രാധിപരുടെ പ്രതിഭാവിലാസമാണ്.
കേരള മീഡിയ അക്കാദമിയുമായി എല്ലാകാലത്തും ആത്മബന്ധം പുലർത്തിയ മാധ്യമ സാരഥിയായിരുന്നു. അദ്ദേഹത്തിൻ്റെ പുസ്തകങ്ങളിൽ ഒരു പങ്ക് മീഡിയ അക്കാദമിക്ക് നേരത്തെ കൈമാറി. മാധ്യമ പഠനത്തിനുള്ള ഒരു കൈപ്പുസ്തകം മലയാളത്തിലാക്കാൻ അക്കാദമിക്ക് സമ്മതവും നൽകി. രണ്ടു നൂറ്റാണ്ടുകളിലായി നിറഞ്ഞുനിന്ന ഒരു സമ്പൂർണ്ണ മാധ്യമ സാരഥിയെയാണ് നമുക്ക് നഷ്ടമായത് . നിര്യാണത്തിൽ കേരള മീഡിയ അക്കാദമി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.