സംരംഭങ്ങൾ ഡോക്യുഫിക്ഷൻ പ്രോജക്റ്റ്

ഡോക്യുഫിക്ഷൻ പ്രോജക്റ്റ്

മാധ്യമപ്രവർത്തകരെ ലോകം തിരിച്ചറിയുന്നത് അവരുടെ പ്രവർത്തനത്തിലൂടെയാണ്. എന്നാൽ അപൂർവ്വമായേ ഈ ലോകോത്തര ലേഖനങ്ങൾക്കും എക്സ്‌പോസെകൾക്കും ഫീച്ചറുകൾക്കും പിന്നിലെ മനുഷ്യരെ കാണാനാകു.

ഇന്ത്യയുടെ മാധ്യമ വ്യവസായത്തെ വളരെയധികം സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്ത പ്രമുഖ വ്യക്തികളുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും അനശ്വരമാക്കുകയാണ് അക്കാദമിയുടെ ഡോക്യുഫിക്ഷൻ പ്രോജക്റ്റിൻ്റെ ലക്ഷ്യം. ഈ ഡോക്യുഫിക്ഷനുകളുടെ തിരക്കഥയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അവാർഡ് ജേതാക്കളായ പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകരാണ്.

കേരള സർക്കാർ അംഗീകരിച്ച പദ്ധതിയിൽ 25 ഡോക്യുഫിക്ഷനുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

ഒമ്പത് ഡോക്യുഫിക്ഷൻ ചിത്രങ്ങളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുക.

1. ശശികുമാർ - ഇന്ത്യയുടെ ടെലിവിഷൻ വിപ്ലവത്തിന്റെ തുടക്കക്കാരിൽ ഒരാളായ ശശികുമാറിന്റെ ജീവിതകഥ ടി കെ രാജീവ്കുമാർ പകർത്തും

2. യേശുദാസൻ - ഈ ഐതിഹാസിക കാർട്ടൂണിസ്റ്റിൻ്റെ അതിസൂക്ഷ്മമായ ദൃശ്യവ്യാഖ്യാനത്തിൽ നിന്നും ഒരു രാഷ്ട്രീയക്കാരനോ പൊതുപ്രവർത്തകനോ മാറ്റിനിർത്തപ്പെട്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ കലാവൈഭവത്തെ മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരൻ, ഇ കെ നായനാർ തുടങ്ങിയവർ ഏറെ പ്രശംസിച്ചു കണ്ടിട്ടുമുണ്ട്. ഈ പ്രമുഖ കാർട്ടൂണിസ്റ്റിന്റെ ജീവിതവും കരിയറും മലയാള സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളായ സിബി മലയിൽ രേഖപ്പെടുത്തും.

3. എം ടി വാസുദേവൻ നായർ - സാഹിത്യ മാസ്റ്റർപീസുകളുടെ രചയിതാവ്, സമാനതകളില്ലാത്ത തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്. എന്നാൽ പത്രപ്രവർത്തകനായാണ് അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചതെന്ന് നിങ്ങൾക്കറിയാമോ? ഈ അത്ഭുത കഥാകൃത്തിന്റെ കൗതുകകരമായ ജീവിതം ഡോക്യുമെന്റ് ചെയ്യുന്നത് മലയാളത്തിലെ ഏറ്റവും ജനപ്രിയ ചലച്ചിത്ര സംവിധായകരിൽ ഒരാളായ പ്രിയദർശനാണ്.

4. വി പി രാമചന്ദ്രൻ - അടിയന്തരാവസ്ഥ പോലെയുള്ള രാജ്യത്തിന്റെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സംഭവങ്ങൾ സൂക്ഷമതയോടെ റിപ്പോർട്ട് ചെയ്യുകയും മുൻ ഉഗാണ്ടൻ ഏകാധിപതി ഈദി അമീൻ ഉൾപ്പെടെയുള്ള ലോക നേതാക്കളെ അഭിമുഖം നടത്തുകയും ചെയ്ത ഭാരതത്തിന്റെ വെറ്ററൻ മാധ്യമപ്രവർത്തകനാണ് വി.പി.ആർ. അദേഹത്തിന്റെ ജീവിതവും പ്രവർത്തവും അവാർഡ് ജേതാവായ ഡോക്യുമെൻ്ററി ഫിലിം മേക്കർ ഷൈനി ജേക്കബ് ബെഞ്ചമിനായിരിക്കും ഡോക്യുഫിക്ഷനാക്കുന്നത്.

5. ശിവൻ - ഫോട്ടോഗ്രാഫർ, ഫോട്ടോ ജേർണലിസ്റ്റ്, ഛായാഗ്രാഹകൻ, സംവിധായകൻ, എന്നിങ്ങനെ കൈവച്ച എല്ലാ മേഖലകളിലും മികവ് പുലർത്തിയ ഒരു ജീനിയസാണ് ശിവൻ. ഇദ്ദേഹത്തിന്റെ മകനും പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ തന്റെ പിതാവിന്റെ ജീവിതകഥ ഡോക്യുഫിക്ഷൻ ആക്കുന്നു.

6. കെ മോഹനൻ - പത്രസ്വാതന്ത്ര്യത്തിനുമേലുള്ള കടുത്ത നിയന്ത്രണങ്ങളെ സധൈര്യം പൊതുമധ്യത്തിലേക്കെത്തിക്കുകയും ജനോപകാരമായ പല വിഷയങ്ങളും പൊതുമണ്ഡലത്തിൽ ഉയർത്തിക്കൊണ്ടു വരികയും ചെയ്ത ധീരനായ പത്രപ്രവർത്തകനായിരുന്നു കെ മോഹനൻ. അവാർഡ് ജേതാവും തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പാഴൂരാണ് ഈ ഡോക്യുഫിക്ഷൻ സംവിധാനം ചെയ്യുന്നത്.

7. കെ എം റോയ് - സാമൂഹിക-രാഷ്ട്രീയ സംഭവങ്ങളെ വ്യാഖ്യാനിക്കാൻ തന്റെ അനുഭവ സമ്പത്തും, തീക്ഷണമായ നിരീക്ഷണങ്ങളും 'ഇരുളും വെളിച്ചവും' എന്ന തന്റെ ജനപ്രിയ കോളത്തിലൂടെ ജനങ്ങളിലേക്കെത്തിച്ച അനിഷേധ്യ മധ്യമപ്രവർത്തകനായിരുന്നു കെ എം റോയ്. നക്ഷത്രത്തിളക്കമുള്ള അദ്ദേഹത്തിന്റെ ജീവിതം നിരവധി മാധ്യമ പ്രവർത്തകർക്ക് വെളിച്ചം പകർന്നിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ജീവിതവും കരിയറും ഡോക്യുഫിക്ഷനിൽ പകർത്തിയത് പ്രദീപ് നായരാണ്.

8. ഉദയതാര നയ്യാർ - ഫിലിം ജേർണലിസത്തിന് പുതു ഭാവം നൽകിയ പ്രശസ്ത പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ഉദയ താരാ നയ്യാർ, സ്ക്രീൻ (Screen) എന്ന സിനിമ മാസികയുടെ എഡിറ്റർ കൂടിയായിരുന്നു. പ്രശസ്ത തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായികയുമായ അഞ്ജലി മേനോൻ അവരുടെ ജീവിതകഥ ആസ്പദമാക്കിയുള്ള ഡോക്യുഫിക്ഷൻ സംവിധാനം ചെയ്യും.

9. ബി ആർ പി ഭാസ്കർ - തികഞ്ഞ മനുഷ്യസ്നേഹി എന്ന് തന്റെ കർമ്മത്തിലൂടെ തെളിയിച്ച ബി ആർ പി ഭാസ്കർ എന്ന മനുഷ്യാവകാശ-സാമൂഹിക പ്രവർത്തകന്റെ ജീവിതവും കരിയറും ഉൾക്കൊള്ളുന്ന ഡോക്യുഫിക്ഷൻ ചിത്രം സംവിധാനം ചെയ്യുന്നത് അവാർഡ് ജേതാവായ സംവിധായകൻ ഡോ.ബിജുവാണ്.