Home Leaders Talk

Leaders Talk

R.S Babu

Chairman


രണ്ടക്ഷരത്തിലെ ഇതിഹാസ എഡിറ്റര്‍

നമ്മുടെ പ്രിയപ്പെട്ട എംടി ഇന്നില്ല. പക്ഷേ, പത്രപ്രവര്‍ത്തകര്‍ ഒരു കാലത്തും എംടിയെ മറക്കില്ല. കാരണം മലയാള പത്രപ്രവര്‍ത്തനത്തിന്റെയും പത്രപ്രവര്‍ത്തകരുടെയും അന്തസ്സ് ഇത്രമേല്‍ വളര്‍ത്തിയ മഹാനായ മറ്റൊരു പത്രാധിപര്‍ നമുക്കില്ല. താനൊരു പത്രപ്രവര്‍ത്തകനായിരുന്നു എന്നു പറയുന്നതില്‍ ഗബ്രിയേല്‍ മാര്‍ക്കേസിനെ പോലെ എംടി വാസുദേവന്‍ നായര്‍ അഭിമാനം കൊണ്ടു. വിദേശയാത്ര നടത്തിയിരുന്ന സന്ദര്‍ഭങ്ങളില്‍ അടുത്തിരിക്കുന്ന വിദേശികള്‍ താനാരാണെ് ചോദിക്കുമ്പോള്‍ ‘I am a writer ‘ എന്നല്ല ‘I am a journalist’ എന്നാണ് മറുപടി നല്‍കിയിരുന്നതെന്ന്‌ എംടി തന്നെ സൂചിപ്പിച്ചിട്ടുണ്ട്.

സാഹിതീയ പത്രപ്രവര്‍ത്തനത്തില്‍ കേസരി ബാലകൃഷ്ണപിളള, കെ.ബാലകൃഷ്ണന്‍, കാമ്പിശ്ശേരി കരുണാകരന്‍, എന്‍.വി.കൃഷ്ണവാര്യര്‍, ജോസഫ് മുണ്ടശ്ശേരി എന്നിവര്‍ക്കൊപ്പമോ അവരെക്കാളുപരിയോ  സ്ഥാനം നേടിയ അത്യപൂര്‍വ്വ പ്രതിഭയായിരുന്നു. ലിറ്റററി ജേണലിസത്തിലെ ഉന്നത ശീര്‍ഷനായി എംടി ഉയർന്നത്‌ ഒരു ദിവസം കൊണ്ടല്ല. ആറരപ്പതിറ്റാണ്ട് മുമ്പ് മുതലേ സാഹിതീയ പത്രപ്രവര്‍ത്തനത്തില്‍ തന്റേതായ വഴി അദ്ദേഹം തെളിച്ചു. മാതൃഭൂമിയില്‍ 35 വര്‍ഷമാണ് സേവനമനുഷ്ഠിച്ചത്. പുതിയ സാഹിത്യകാരന്മാരെ കണ്ടെത്താനും സര്‍ഗ്ഗവാസനയുളളവരെ പരിപോഷിപ്പിക്കാനും ശ്രദ്ധിച്ചു. സര്‍ഗ്ഗവാസന വഴിതെറ്റാതിരിക്കാനുളള കരുതലും നല്‍കി. അതിനുവേണ്ടി തിരുത്തിയെഴുത്തും ശീര്‍ഷകം നല്‍കലുമെല്ലാം ചെയ്തു. ശരിക്കും മാന്ത്രികസ്പര്‍ശമുളള എഡിറ്ററായിരുന്നു. ഇതിന്റെ ഗുണഫലം മലയാളഭാഷയും സാഹിത്യവും ഇന്ന്‌ അനുഭവിക്കുന്നു. എം.മുകുന്ദന്‍, എന്‍.എസ്.മാധവന്‍ തുടങ്ങി എത്രയെത്ര പേരെയാണ് എംടി കണ്ടെത്തിയത്.

സാഹിത്യത്തിലും ചലച്ചിത്രത്തിലും എന്ന പോലെ പത്രപ്രവര്‍ത്തനത്തിലും മാനവീയതയുടെ കൊടിയടയാളമായിരുന്നു എംടി. അമേരിക്കന്‍ സാമ്രാജ്യത്വവും സോവിയറ്റ് യൂണിയനും തമ്മിലുളള ശീതയുദ്ധം സാംസ്‌കാരികരംഗത്തെ തിളച്ചുനിന്ന ഒരു കാലഘട്ടത്തിലായിരുന്നു അദ്ദേഹം സജീവ പത്രപ്രവര്‍ത്തകനായിരുന്നത്. സോവിയറ്റ് യൂണിയന്‍ നിലനിന്ന കാലത്തും തകര്‍ന്ന ശേഷവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തിന്മയ്ക്ക് കൂട്ടുനില്‍ക്കാത്ത സാഹിത്യകാരനും പത്രാധിപരുമായിരുന്നു. സോഷ്യലിസ്റ്റ് സമൂഹനിര്‍മ്മാണ പ്രക്രിയയ്ക്കിടയ്ക്ക് ഏതെങ്കിലും സോഷ്യലിസ്റ്റ് രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കിൽ അതിന് കൂട്ടുനില്‍ക്കാനും എംടി തയ്യാറായിട്ടില്ല.

കാറല്‍ മാര്‍ക്‌സിനെപ്പറ്റിയുളള ലേഖനം വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എംടി എഴുതിയത് ‘ജയകേരള’ത്തില്‍ കവര്‍‌സ്റ്റോറിയായി പുറത്തുവന്നിരുന്നു എന്നത് ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടതാണ്. അന്ന്‌ വലിയ സാഹിത്യകാരനായി മാറിയിരുന്നില്ല. എന്നാല്‍ മാര്‍ക്‌സിന്റെ ജീവിതകഥയും രചനകളും വായിച്ചത് പില്‍ക്കാലത്തും തന്നെ സ്വാധീനിച്ചു എന്ന്‌ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. പതിതരോടും പണിയെടുക്കുവരോടും സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ചായ്‌വുണ്ടായത് ഒരുപക്ഷേ അതുകൊണ്ടായിരിക്കാം എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇടതുപക്ഷവിദ്വേഷത്തിനോ കമ്മ്യൂണിസ്റ്റ് വിരോധത്തിനോ തന്റെ സാഹിത്യത്തെയോ സാഹിതീയപത്രപ്രവര്‍ത്തനത്തെയോ അദ്ദേഹം മാറ്റിയിരുന്നില്ല. രാഷ്ട്രീയവിഷയങ്ങളില്‍ പ്രത്യക്ഷത്തില്‍ നിരന്തരം ഇടപെടുന്ന രീതി ഇല്ലായിരുന്നു. എന്നാല്‍ പൗരസമൂഹത്തില്‍ ജനങ്ങളുടെ പുരോഗമനപരമായ പ്രയാണത്തെ തടസ്സപ്പെടുത്തുന്ന രാഷ്ട്രീയത്തിന് തുണയേകുന്ന ഒന്നും അദ്ദേഹം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ നോട്ടുനിരോധനം വന്നപ്പോള്‍ അതിനെതിരെ പരസ്യമായി പ്രതികരിച്ചിരുന്ന അദ്ദേഹം മറ്റ് ചില ഘട്ടങ്ങളില്‍ മൗനം ദീക്ഷിച്ചിരുന്നു. അത്തരമൊരു വേളയില്‍ മൗനം പാലിക്കുന്ന ജ്ഞാനപീഠജേതാക്കളെ കേരളത്തില്‍ നിന്നു കെട്ടുകെട്ടിക്കണമെന്ന നിര്‍ദ്ദയമായ പ്രതികരണം പോലും ഉണ്ടായി. എന്നാല്‍ മദമിളകിയാലും മഹാന്മാരുടെ മൗനമിളകില്ല എന്ന്‌ തെളിയിച്ചു. അങ്ങനെ ധീരതയുടെ അപരനാമമായി എംടി മാറി. എംടിയിലെ പത്രപ്രവര്‍ത്തകനും പത്രാധിപരും ചലച്ചിത്രങ്ങളിലും കടന്നുവന്നിട്ടുണ്ട്. ആത്മകഥയുടെ മറ്റൊരു രൂപത്തില്‍. സുകൃതം, പഞ്ചാഗ്നി ഉള്‍പ്പെടെയുളള സിനിമകളെല്ലാം ഇതിനുദാഹരണമാണ്.

കേരളീയന്റെ ജീവിതപരിസരം മതനിരപേക്ഷമാക്കുതിനായി സാഹിത്യത്തെയും സിനിമയെയും പത്രപ്രവര്‍ത്തനെത്തെയും മാറ്റി എന്നതാണ് എംടിയില്‍ നിന്നും ഇന്നത്തെ മാധ്യമലോകത്തിന് പഠിക്കാനുളള വലിയ പാഠങ്ങളിലൊന്ന്‌. നവതി വേളയില്‍ ‘മീഡിയ’ മാഗസിന്‍ എംടി എ പത്രാധിപര്‍ക്കുവേണ്ടി പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ കോപ്പി പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി.മുസ്തഫ കൈമാറുമ്പോള്‍ ചെറുപുഞ്ചിരിയോടെ അത് എംടി സ്വീകരിച്ചു. പത്രാധിപരായ എംടിയെ ആസ്പദമാക്കി ഒരു ഡോക്യുഫിക്ഷന്‍ നിര്‍മ്മിക്കുതിനുളള പ്രൊജക്ടുമായി കേരള മീഡിയ അക്കാദമി മുന്നോട്ടുവരികയും അതിന് എംടി സമ്മതം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ആ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അത് ഒരു വലിയ നഷ്ടം തന്നെയാണ്.

മലയാള ഭാഷാപിതാവ് എഴുത്തച്ഛന്റെ നാമധേയം കൂടുതല്‍ ശാശ്വതീകരിക്കാന്‍ സ്ഥാപിച്ച തുഞ്ചന്‍ പറമ്പിന്റെ യശസ്സിനായി എംടി നടത്തിയ സമര്‍പ്പിതപ്രവര്‍ത്തനവും മാതൃകാപരമാണ്. അതില്‍ വര്‍ഗീയ കോമരങ്ങളെ അകറ്റിനിര്‍ത്താന്‍ കാട്ടിയ ധൈഷണീക ധീരത താരതമ്യമില്ലാത്തതാണ്. സ്യൂഡോസെക്കുലര്‍ എന്ന ശകാരപ്രയോഗം ചുറ്റും ശക്തിപ്രാപിക്കുമ്പോഴും അടിയുറച്ച സെക്കുലറായി തുടര്‍ന്നു എംടി. മാധ്യമങ്ങള്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം തന്റെ പംക്തിയില്‍ കുറിക്കുകൊളളുന്ന ഭാഷയില്‍ ലോകസംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എഴുതിയത് ഇന്നത്തെക്കാലത്ത് കൂടുതല്‍ പ്രസക്തമാണ്.

മഹാനായ എംടിയുമായി പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അടുത്ത് ഇടപഴകാന്‍ മൂന്ന്‌ പതിറ്റാണ്ട് മുമ്പുമുതലേ അവസരങ്ങള്‍ ലഭിച്ചു. കൊല്ലത്ത് പട്ടത്തുവിള കരുണാകരന്റെ സ്മരണാര്‍ത്ഥം സ്ഥാപിതമായ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എംടി വന്നിരുുന്നു. ബീഥോവന്റെ ഏഴാം സിംഫണി പ്ലേ ചെയ്താണ് ആ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എംടിയും പട്ടത്തുവിളയും കോഴിക്കോട് അയല്‍വാസികളും ഉറ്റസ്‌നേഹിതരുമായിരുന്നു. ഹൃദയശസത്രക്രിയയ്ക്കായി ചെന്നൈയിലെ ആശുപത്രിയില്‍ കഴിഞ്ഞിരു പട്ടത്തുവിള ആവശ്യപ്പെട്ട പ്രകാരം ബീഥോവന്റെ ഏഴാം സിംഫണിയുമായി എംടി ആശുപത്രിയിലെത്തി. പക്ഷേ, അതിനുതൊട്ടുമുമ്പ് പട്ടത്തുവിളയുടെ ശ്വാസം നിലച്ചു. ആത്മസുഹൃത്തിനോടുളള സ്‌നേഹവും ആ വിയോഗത്തിലുളള നൊമ്പരവും ഉളളിലടക്കിയായിരുന്നു കൊല്ലത്ത് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പട്ടത്തുവിള കരുണാകരന്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പട്ടത്തുവിള കേള്‍ക്കാനാഗ്രഹിച്ച ബീഥോവന്റെ ഏഴാം സിംഫണി അദ്ദേഹത്തിന്റെ ജന്മനാട്ടിലെ ജനങ്ങളെ കേള്‍പ്പിക്കുകയായിരുന്നു എംടി. അദ്ദേഹം പത്രാധിപരായിരിക്കുമ്പോള്‍ ഉള്‍പ്പെടെ പട്ടത്തുവിളയുടെ കഥകള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. മലയാള സാഹിത്യത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന 20 ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ് പട്ടത്തുവിളയെന്ന്‌ അന്ന്‌ എംടി പറഞ്ഞു. ആ ട്രസ്റ്റിന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കാനുളള അവസരത്തിലൂടെ എംടിയുമായുളള ബന്ധം ഗാഢമായി. ട്രസ്റ്റിന്റെ ഉദ്ഘാടനം 1985ലായിരുുന്നു.

ജ്ഞാനപീഠം അവാര്‍ഡ് ഏറ്റുവാങ്ങാന്‍ തിരുവനന്തപുരത്ത് എത്തിയ എംടി പങ്കജ് ഹോട്ടലിലാണ് താമസിച്ചത്. അന്ന്‌ ഉച്ചയ്ക്ക് ഒരു മണിക്കൂറോളം ദേശാഭിമാനി ലേഖകന്‍ എന്ന നിലയില്‍ അദ്ദേഹവുമായി സമയം ചെലവഴിക്കാന്‍ സൗഭാഗ്യമുണ്ടായതും ഓര്‍ക്കുന്നു.

രണ്ടക്ഷരത്തിലെ ഇതിഹാസ എഡിറ്ററാണ് മലയാളത്തിന് എം.ടി.വാസുദേവന്‍ നായര്‍. സാഹിത്യം, സിനിമ ഉള്‍പ്പെടെയുളള എല്ലാ മേഖലകളിലും കൊടുമുടിയോളം യശസ്സുയര്‍ത്തിയ ബഹുമുഖപ്രതിഭയായ എംടി, മലയാള സാഹിതീയപത്രപ്രവര്‍ത്തനത്തിലെ ഉന്നതശീര്‍ഷനാണ്. ഈ വലിയ പത്രാധിപര്‍ക്ക് കേരള മീഡിയ അക്കാദമി ആദരവ് അര്‍പ്പിക്കുന്നു.