
മാതൃഭൂമി
മലയാളത്തിലുളള നാല് ആനുകാലികങ്ങളുടെയും മൂന്ന് ഇംഗ്ലീഷ് ആനുകാലികങ്ങളുടെയും പ്രസിദ്ധീകരണ കേന്ദ്രമായിരുന്നു അന്ന് കോഴിക്കോട്. മലബാർ കലാപം അടിച്ചമർത്തപ്പെട്ടതിനും നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചതിനും ശേഷമുള്ള ഇരുണ്ട നാളുകളിൽ ഭയത്തിന്റെ ഒരു മനോവിഭ്രാന്തി ഈ പത്രസ്ഥാപനങ്ങളെ കീഴ്പ്പെടുത്തിയതായി കാണാം. ദേശീയ പ്രസ്ഥാനത്തെ രഹസ്യമായി പിന്തുണയ്ക്കുന്നതോ ബ്രിട്ടീഷ് ഭരണകൂടത്തെ നിശിതമായി വിമർശിക്കുന്നതോ ആയ ഒരു ഇനവും പ്രസിദ്ധീകരിക്കാൻ അവർ തയ്യാറായില്ല. എന്തിനധികം, പ്രാദേശിക അച്ചടിശാലകൾ പോലും കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളോ ലഘുലേഖകളോ അച്ചടിക്കുന്നതിൽ വിമുഖത കാണിച്ചിരുന്നു.